തൃശ്ശൂര്‍: ശാന്തിവനം സംരക്ഷിക്കണമെന്ന ആവശ്യവുമായി സംവിധായകന് ആഷിക്ക് അബു രംഗത്ത്. കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമാണ് ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. നേരത്തേ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട.
ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സര്‍ക്കാര്‍.
CPI(M).കാള്‍ മാര്‍ക്സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.
വടക്കന്‍ പറവൂരില്‍ വഴീക്കുളങ്ങരയില് സ്ഥിതി ചെയ്യുന്ന രണ്ടേക്കറോളം വരുന്ന മനുഷ്യനിര്‍മ്മിതമായ ശാന്തിവനത്തില്‍ കൂടി 110 കെവി ലൈന്‍ വലിക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബി നടത്തുന്നത്. ഇതിനെതിരെ ദിവസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും സമരം നടത്തുകയാണ്. സിപിഐ നേതാക്കളടക്കം ഈ സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോടിക്കണക്കിന് രൂപ ചെലവഴിച്ച ഈ പദ്ധതിയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വൈദ്യുതിമന്ത്രി എംഎം മണി നേരത്തേ വ്യക്തമാക്കിയിരുന്നു.
Discussion about this post