കൊച്ചി: എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ മാതാപിതാക്കളോടായി തന്റെ പ്രീഡിഗ്രി അനുഭവവും ഉപദേശവും പങ്കുവെച്ച് യുഎന്‍ ഉദ്യോഗസ്ഥന് മുരളി തുമ്മാരുകുടി. കുട്ടികള്‍ക്കല്ല, എ പ്ലസ് ലഭിക്കേണ്ടത് മാതാപിതാക്കള്‍ക്കാണെന്നും എല്ലാ രക്ഷിതാക്കളും എ പ്ലസ് മാതാപിതാക്കള്‍ ആകണമെന്നും മുരളി തുമ്മാരുകുടി പറയുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
A+ കിട്ടാത്ത അച്ഛന്മാര്!
നമ്മുടെ ജന്മം എന്നത് ഒരു വലിയ ലോട്ടറി ആണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. ഏത് രാജ്യത്ത് ഏത് കാലത്ത് ഏതു മതത്തില്‍ ജാതിയില്‍ വര്‍ണ്ണത്തില്‍ സാന്പത്തികസ്ഥിതിയില്‍ ആരുടെ മക്കളായി ആണായിട്ടാണോ പെണ്ണായിട്ടാണോ നമ്മള് ജനിക്കുക എന്നതൊന്നും നമ്മള് സ്വയം തിരഞ്ഞെടുത്ത കാര്യമല്ല. എന്നാല്‍ നമ്മുടെ ജീവിതത്തിലെ മിക്ക സാധ്യതകളെയും നിശ്ചയിക്കുന്നത് നമുക്ക് ഒരു പങ്കുമില്ലാത്ത ഈ സാധ്യതയാണ്.
ഉദാഹരണത്തിന് ഒരേ ദിവസം ഫിന്‍ലന്റിലും സോമാലിയയിലും പിറന്നു വീഴുന്ന കുട്ടികളുടെ കാര്യം നോക്കുക. ഫിന്‍ലന്റിലെ കുട്ടിക്ക് ജീവിതത്തില്‍ കിട്ടുന്ന സാധ്യതകളല്ല സോമാലിയലിലെ കുട്ടിക്ക് കിട്ടുന്നത്. ആദ്യത്തെ അഞ്ചു വയസ്സ് കടന്നു കിട്ടുന്നത്, സ്കൂളില്‍ പോകാന്‍ അവസരം ഉണ്ടാകുന്നത്, ഒരു ജോലി കിട്ടുന്നത്, കടല്‍ക്കൊള്ളക്കാരനായി ജീവിക്കേണ്ടി വരാത്തത് എന്നതൊക്കെ സോമാലിയയിലെ കുട്ടിക്ക് വെല്ലുവിളിയാണ്.
രണ്ടു രാജ്യങ്ങള്‍ വേണ്ട, കേരളത്തില്‍ തന്നെ അടുത്തടുത്ത വീടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ സാധ്യതകളും സാഹചര്യങ്ങളുമാണ്. അതുകൊണ്ടാണ് കരിയറിനെപ്പറ്റിയുള്ള എന്റെ സീരീസില്‍ കരിയര്‍ എന്നത് ഞാനും വേറൊരാളും തമ്മിലുള്ള മത്സരമല്ല, മറിച്ച് നമുക്ക് കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിച്ച് നാം എത്ര മുന്നോട്ടു പോകുന്നു എന്നതാണെന്ന് ഞാന്‍ പറഞ്ഞത്. അടുത്തയാളുടെ തുടക്കം വേറൊന്നാണ്, അവരും നമ്മളും തമ്മില്‍ മത്സരമില്ല.
ഈ ലോട്ടറിയിലെ ഏറ്റവും പ്രധാനം നമ്മുടെ മാതാപിതാക്കള്‍ തന്നെയാണ്. ഏതൊരു ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും കുട്ടികളെ വളര്‍ത്തി വലുതാക്കി ലോകത്തിലേക്ക് വിഹരിക്കാന്‍ വിടുന്ന മാതാപിതാക്കളുണ്ട്. എത്ര സന്പന്നമായ സാഹചര്യത്തിലും കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് വളരാന്‍ അനുവദിക്കാത്ത മാതാപിതാക്കളും ഉണ്ട്. (കേരളത്തില്‍ തന്നെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് പ്രത്യേകം കാണാം).
കഴിഞ്ഞ കുറച്ചു നാളുകളായി ജന്മ ലോട്ടറിയില്‍ നഷ്ടം വരുന്ന കുട്ടികളുടെ കഥയാണ് നാം കേള്‍ക്കുന്നത്. അമ്മയാല്‍ കൊല്ലപ്പെട്ട കുട്ടി, വേറൊരാള് കൊല്ലുന്നത് തടയാത്ത അമ്മയുള്ള കുട്ടി, ഇന്നിപ്പോള്‍ പത്താം ക്ലാസ്സില്‍ മുഴുവന്‍ എ പ്ലസ് കിട്ടാത്തതിന് മര്‍ദ്ദിക്കപ്പെട്ട കുട്ടി. ഇത്ര ക്രൂരമല്ലെങ്കിലും മാതാപിതാക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന എത്രയോ കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകും.
പ്രപഞ്ചത്തിലെ ലോട്ടറിയില്‍ അച്ഛനമ്മമാരുടെ കാര്യത്തില്‍ എ പ്ലസ് കിട്ടിയ കുട്ടിയാണ് ഞാന്‍. പഠന കാര്യത്തിലുള്‍പ്പെടെ ഒരു കാര്യത്തിലും ഒരു വര വരച്ചിട്ട് അതിന് മുകളില്‍ ചാടാന്‍ അച്ഛനോ അമ്മയോ പറഞ്ഞിട്ടില്ല. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നതിനാല്‍ ആ കാര്യത്തില്‍ ഒരിക്കലേ അച്ഛന്റെ മുന്നില്‍ വിഷമത്തോടെ നിന്നിട്ടുള്ളൂ.
1981 ല്‍ പ്രീ ഡിഗ്രി പാസാകുന്പോള്‍ എഞ്ചിനീയറിങ്ങിന് എന്‍ട്രന്‍സ് ഇല്ല. ചേട്ടന് അപ്പോള്‍ തന്നെ എഞ്ചിനീറിങ്ങ് കോളേജിലുണ്ട്, അവിടെ പോകണമെന്നാണ് എന്റെയും ആഗ്രഹം. പത്താം ക്ലാസ്സില്‍ വന്പന് സ്കോര്‍ കിട്ടിയതുകൊണ്ട് അവിടെയെത്തും എന്നാണ് എല്ലാവരും വിചാരിക്കുന്നതും.
പ്രീ ഡിഗ്രിക്ക് കണക്കും, ഫിസിക്സും, കെമിസ്ട്രിയും കൂട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അന്ന് എഞ്ചിനീയറിങ് അഡ്മിഷന്. എനിക്ക് 408 മാര്‍ക്കുണ്ട് (450 ല്‍). സാധാരണഗതിയില്‍ 380 മാര്‍ക്കുള്ളവര്‍ക്കേ എഞ്ചിനീയറിങ്ങിന് കിട്ടും. ഞാന്‍ നല്ല ആത്മ വിശ്വാസത്തിലാണ്.
ആ വര്‍ഷം മാര്‍ക്കിന് ഇന്‍ഫ്ളേഷന്‍ വന്നതുകൊണ്ടാവാം എഞ്ചിനീയറിങ്ങ് കട്ട് ഓഫ് 412 ആയി. ആത്മവിശ്വാസം ഉണ്ടായിരുന്നതിനാല്‍ വേറൊരു കോഴ്സിനും അപേക്ഷിച്ചിട്ടുമില്ല. പൊതുവെ പറഞ്ഞാല്‍ 3G.
സങ്കടം വന്നു. പക്ഷെ ഭാഗ്യത്തിന് അച്ഛന് വീട്ടില്‍ ഉണ്ട്.
‘എനിക്ക് അഡ്മിഷന് ഇല്ല’ ഞാന്‍ പറഞ്ഞു.
‘എന്‍ജിനീയര്‍മാര്‍ മാത്രമല്ലല്ലോ ജീവിക്കുന്നത്’ അതായിരുന്നു അച്ഛന്റെ പ്രതികരണം.
(അച്ഛന് രണ്ടാമത് ഒന്ന് ചിന്തിച്ചു കൂടിയില്ല. എത്ര മാര്‍ക്കിനാണ് മിസ് ആയത്, കുറച്ചു കൂടി നന്നായി പഠിക്കാമായിരുന്നില്ലേ, കൂട്ടുകാര്‍ക്ക് കിട്ടിയോ, ഇതൊന്നും അച്ഛന് ചോദിച്ചില്ല).
‘ഇനിയും സെക്കന്‍ഡ് ലിസ്റ്റും തേര്‍ഡ് ലിസ്റ്റും ഒക്കെയുണ്ട്’ ഞാന്‍ പറഞ്ഞു.
‘അത് നന്നായി. നീ പോയി ഒരു സിനിമ കണ്ടിട്ട് പോരേ, ഇനി ഇപ്പൊ ഒരു മാസം വേറൊന്നും ചിന്തിക്കാനില്ലല്ലോ.’
കഴിഞ്ഞു കാര്യം.
മൂന്നാം ലിസ്റ്റില്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ കയറിപ്പറ്റി. അവിടെ നിന്നും ഒന്നാം റാങ്കും വാങ്ങി പുറത്തു വന്നതാണ് രണ്ടാമന്റെ കഥയുടെ ബാക്കിപത്രം.
കഥക്ക് വേറെയും ട്വിസ്റ്റ് ആകാമായിരുന്നു. റാങ്ക് ലിസ്റ്റില്‍ പേര് വരാത്തതിന് അച്ഛന് അടിക്കാം, ദേഷ്യപ്പെടാം, കുറ്റപ്പെടുത്താം, ആത്മവിശ്വാസം നഷ്ടപ്പെടുത്താം. കൂടുതല്‍ ആത്മവിശ്വാസമില്ലാത്ത കുട്ടികളാണെങ്കില്‍ എന്തെങ്കിലും കടുംകൈ ചെയ്തെന്നും വരാം.
എ പ്ലസ് മാതാപിതാക്കള്‍ അങ്ങനെ ചെയ്യില്ല. മക്കളുടെ മാര്‍ക്കല്ല, നന്മയാണ് അവര്‍ക്ക് പ്രധാനം. സ്നേഹമാണ് അവരെ നയിക്കുന്നത്, ആഗ്രഹമോ പ്രതീക്ഷയോ അല്ല. അങ്ങനെയുള്ള മാതാപിതാക്കളെ കിട്ടാന്‍ നമുക്ക് ഒരു മാര്‍ഗ്ഗവുമില്ല. കിട്ടിയാല്‍ കിട്ടി എന്ന് മാത്രം.
കുട്ടികള്‍ക്ക് എ പ്ലസ് കിട്ടാനല്ല, എ പ്ലസ് കിട്ടുന്ന മാതാപിതാക്കള്‍ ആകാനാണ് നാം ശ്രമിക്കേണ്ടത്. കുട്ടികള്‍ അവരുടെ കഴിവിനനുസരിച്ച് പഠിക്കട്ടെ, അതനുസരിച്ചുള്ള മാര്‍ക്കുകള്‍ നേടട്ടെ. അവരുടെ ആത്മവിശ്വാസം കളയരുത്. ഗ്രേഡ് കിട്ടാത്തതിന് കുട്ടികളെ തല്ലുന്ന മാതാപിതാക്കള്‍ എന്റെ നോട്ടത്തില്‍ F(ail) (ഭൂലോക തോല്‍വികള്‍) കിട്ടുന്ന മാതാപിതാക്കളാണ്.
Discussion about this post