തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്നതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കുമായി ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയാന്‍ ഒരുങ്ങുന്നു. ബോര്‍ഡ് ആസ്ഥാനത്ത് നിര്‍മ്മിക്കുന്ന മൂന്ന് മന്ദിരങ്ങളുടേയും തറക്കല്ലിടല്‍ കഴിഞ്ഞ 30-ന് നടന്നതായാണ് റിപ്പോര്‍ട്ട്. ശബരിമല ആക്രമണങ്ങളെത്തുടര്‍ന്ന് ദേവസ്വത്തിന്റെ വരുമാനം ഗണ്യമായി ഇത്തവണത്തെ സീസണില്‍ കുറഞ്ഞിരുന്നു.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് കുറക്കാന്‍ അക്കൗണ്ട്സ് ഓഫീസര്‍ ജനുവരി 30ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായം മാത്രമാണ് നിലവില്‍ ഏക ആശ്രയം.
അതേസമയം, വരുന്ന ഒരു വര്‍ഷത്തേക്ക് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന അക്കൗണ്ട്സ് ഓഫീസറുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് ഈ വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നേരത്തെ എടുത്ത തീരുമാനമാണിതെന്നും അതിഥി മന്ദിരമില്ലാത്തതിന്റെ അസൗകര്യം ഓംബുഡ്സ്മാന്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നിര്‍മ്മാണമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ് പറയുന്നു.
2018-19ല്‍ ബോര്‍ഡിന് കീഴിലെ വിവിധ ഡിവിഷനുകളിലായി 67,28,42,852 കോടി രൂപയായിരുന്നു മരാമത്ത് ജോലികള്‍ക്കായി ചെലവിട്ടത്.
Discussion about this post