ചാത്തന്നൂര്‍: യാചകന്റെ രൂപത്തില്‍ ട്രെയിനില്‍ സഞ്ചരിച്ച് കഞ്ചാവ് കടത്തുന്നയാളെ എക്സൈസ് സംഘം പിടികൂടി. ആന്ധ്രയില്‍നിന്നു ട്രെയിനില്‍ കഞ്ചാവ് കടത്തിയ തിരുവനന്തപുരം ചിറയിന്‍കീഴ് നഗരൂര്‍ ചെമ്മാരത്തുമുക്ക് പുലരിയില്‍ ഷാനവാസിനെയാണ് (60) ചാത്തന്നൂര്‍ എക്സൈസ് സംഘം പിടികൂടിയത്. 5 കിലോ കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചു കഞ്ചാവിന്റെ മൊത്ത വിതരണം നടത്തിയിരുന്ന ഷാനവാസിനെ വെള്ളി വൈകിട്ടു പാരിപ്പള്ളിയില്‍നിന്നു ചാത്തന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് നിജുമോന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
യാചകന്റെ വേഷത്തില്‍ ട്രെയിനില്‍ സഞ്ചരിച്ചു ഷാനവാസ് നടത്തിയതു വന്‍ കഞ്ചാവ് കടത്തായിരുന്നു. തുണിക്കെട്ടുകളും മറ്റുമായി നിലത്തു കിടന്നുറങ്ങി ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു യാത്ര. റെയില്‍വേ സ്റ്റേഷന് എത്തുന്നതോടെ മുന്തിയ പാന്റ്സും ഷര്‍ട്ടും കണ്ണടയും ധരിച്ചു ‘ന്യൂജെന്‍’ ലുക്കിലാകുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. സ്ഥിരം ഇടപാടുകാര്‍ക്കു മാത്രം കഞ്ചാവു നല്‍കുന്നതാണ് പതിവ്. അതുകൊണ്ടു തന്നെ ഇയാളെ പിടികൂടാന്‍ എക്സൈസിന് ഏറെ തന്ത്രങ്ങള്‍ പയറ്റേണ്ടി വന്നു.
അന്വേഷണ സംഘത്തില്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് നിജുമോനു പുറമേ പ്രിവന്റീവ് ഓഫീസര്‍മാരായ ജോണ്‍, ദിനേശ്, അരുണ്‍, ഷിഹാബ് സിഇഒമാരായ ഷെഹിന്, ശ്യാംകുമാര്‍, വനിതാ സിഇഒ ബിന്ധുലേഖ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ആന്ധ്രയില്‍നിന്നു കഞ്ചാവ് എത്തുന്നത് പിടികൂടാന്‍ കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ രഞ്ജിത്ത്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പികെ സനു എന്നിവര്‍ ചേര്‍ന്നു ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു.
ട്രെയിനില്‍ വേഷം മാറി കടത്തുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്കായിരുന്നു ഇയാള്‍ വിറ്റിരുന്നത്. കഴിഞ്ഞദിവസം, വര്‍ക്കല സ്വദേശിക്കു വില്ക്കാന് വരുമ്പോഴാണു ഇയാളെ എക്സൈസ് വലയിലാക്കിയത്. നെടുമങ്ങാട്, വര്‍ക്കല എക്സൈസ് ഓഫീസുകളില്‍
ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടായിരുന്നു.
Discussion about this post