ഇടുക്കി: ഇടുക്കിയില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന യുഡിഎഫിന്റെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി എംഎം മണി. ഇടുക്കിയില്‍ സിപിഎം കള്ള വോട്ട് ചെയ്തെന്ന ആരോപണം തെറ്റാണെന്നും ആരോപണം തെളിയിക്കാന്‍ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും എംഎം മണി പറഞ്ഞു. ഇടുക്കി ഉടുമ്പന്‍ചോലയില്‍ സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് ആരോപിച്ചതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇടുക്കി ഡിസിസി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാര്‍ സുബോധം ഇല്ലാതെ സംസാരിക്കുകയാണ്. ഇടുക്കിയില്‍ ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് നിയമ പരമായി പരിശോധിക്കട്ടെയെന്നും എംഎം മണി പറഞ്ഞു.
ഇടുക്കിയിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇടുക്കി ഉടുംമ്പന്‍ചോല മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു ആരോപണം. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നയാള്‍ കൃത്രിമമായി വോട്ടര്‍ ഐഡിയുണ്ടാക്കി ഉടുമ്പന്‍ചോലയിലെ 66, 69 ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.
വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് ബൂത്ത് ഏജന്റെമാരെ രഞ്ജിത്ത് വെല്ലുവിളിക്കുകയും ചെയ്തിരുന്നെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞിരുന്നു. കള്ളവോട്ട് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post