അഞ്ചാലുംമൂട്: വീണ് പരിക്കേറ്റ അമ്മയെ ഏക മകനും മരുമകളും തിരിഞ്ഞുനോക്കാത്തതിനാല്‍ സഹായമെത്തിച്ചത് നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും പോലീസും ചേര്‍ന്ന്. വീണു നടുവിനു പൊട്ടലേറ്റ നിലയില്‍ വീട്ടിലെ മുറിയില്‍ 5 ദിവസമാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ ഈ അമ്മ കഴിച്ചു കൂട്ടിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഏക മകനും ഭാര്യയുമാണ് അമ്മയായ കടവൂര്‍ പള്ളിക്കു സമീപം കായല്‍തീരത്തു ബോസ് ഭവനില്‍ പ്രസ്റ്റീന (68)യ്ക്ക് ഒപ്പം താമസിക്കുന്നത്.
ഇവര്‍ വീണ് പരിക്കേറ്റ അമ്മയെ ശുശ്രൂഷിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ നാട്ടുകാരും ജനമൈത്രി പോലീസും ജില്ലാ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും സഹായത്തിന് ആളില്ലാത്തതിനാല്‍ വീണ്ടും അവരെ വീട്ടിലേക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. പ്രസ്റ്റീനയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്.
5 ദിവസം മകന് നോക്കി നില്‍ക്കെയാണ് അമ്മ മറിഞ്ഞുവീണത്. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രസ്റ്റീനയെ വീട്ടിനുള്ളില്‍ എത്തിച്ചത്. അന്നുമുതല്‍ ഇന്നലെ രാവിലെ വരെ ഇവര്‍ വീട്ടിലെ മുറിക്കുള്ളില്‍ കഴിഞ്ഞു കൂടുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചാലുംമൂട്ടില്‍നിന്നു ജനമൈത്രി പോലീസെത്തി മകനുമായി സംസാരിച്ചെങ്കിലും അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നു ജനമൈത്രി പോലീസ് സിആര്‍ഒ എസ്ഐ രാധാകൃഷ്ണപിള്ള, റെജിമോന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയന് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രസ്റ്റീനയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണു നട്ടെല്ലിനു പൊട്ടലേറ്റെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും അറിയുന്നത്. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്നു മകനുമായും മരുമകളുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ കൂടെ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് വേറെ വഴിയില്ലാതെ, പ്രസ്റ്റീനയെ വീണ്ടും വീട്ടിലേക്കെത്തിക്കുകയായിരുന്നു. 5 ദിവസം രോഗ ദുരിതത്തില്‍ കഴിഞ്ഞ ആ അമ്മയ്ക്കു അസഹ്യമായ വേദനയാണ് ഇപ്പോള്‍ കൂട്ട്. അതേസമയം, മകനോടും മരുമകളോടും ഇന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post