തിരുവനന്തപുരം: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെല്ലാം ബിജെപി ആസൂത്രണം ചെയ്തവയാണെന്ന് പി എസ് ശ്രീധരന്‍ പിള്ളയുടെ ശബ്ദരേഖ വ്യക്തമാക്കുന്നതായി കോടിയേരി ആരോപിച്ചു.
തന്ത്രി കുടുംബത്തെ ശ്രീധരന്‍പിള്ള സ്വാധീനിച്ചുകൊണ്ടായിരുന്നു അത്തരമൊരു പ്രഖ്യാപനം നടത്തിയത്. ആര്‍എസ്എസ് ആസൂത്രണം ചെയ്ത അക്രമ പരമ്പരകളാണ് നടക്കുന്നത്. തെറ്റിദ്ധരിക്കപ്പെട്ട ആളുകള്‍ ഇനിയെങ്കിലും ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്ത്രി കുടുംബം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കൈയില്‍ കളിക്കേണ്ടവരല്ല. ശ്രീധരന്‍പിള്ള പറയുന്നതിനനുസരിച്ചല്ല നട അടച്ചിടേണ്ടത് എന്ന് കോടിയേരി വ്യക്തമാക്കി. ബാഹ്യശക്തികള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടവരല്ല തന്ത്രികുടുംബം, തന്ത്രികുടുംബത്തില്‍ വിശ്വാസികള്‍ അര്‍പ്പിച്ച ബഹുമാനം നഷ്ടപ്പെടുംവിധത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത് എന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.
പുറത്തുവന്ന വാര്‍ത്തയെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരും ഉന്നതതല അന്വേഷണത്തിന് തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
തുലാമാസ പൂജയ്ക്കിടെ ശബരിമല നട അടച്ചിടാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞിരുന്നു.