തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി കെടി ജലീല്‍. ബന്ധു നിയമന വിവാദം പൂര്‍ണ്ണമായും തള്ളിയ മന്ത്രി, വിഷയത്തില്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും, തന്നെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ലഭിച്ചത് ഏഴ് പേരില്‍ നിന്നാണ്. അതില്‍ ഇന്റവ്യൂവിന് എത്തിയത് മൂന്ന് പേര്‍ മാത്രമായിരുന്നു.എന്നാല്‍ വന്ന ആര്‍ക്കും ആവശ്യമായ യോഗത്യ ഉണ്ടായിരുന്നില്ലെന്നും, തുടര്‍ന്ന് അപേക്ഷ ലഭിച്ച ഏഴുപേരില്‍ നിന്ന് യോഗ്യതയുള്ള ഒരാളെ നിയമിക്കുകയായിരുന്നു എന്നും മന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. താന്‍ ഇതില്‍ ഇടപെട്ടിട്ടില്ലെന്നും ഫിറോസ് പറയുന്ന പോലെ നിയമനം നേടിയ അദീബ് പിതൃസഹോദര പുത്രനല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
കൂടാതെ നിയമനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പത്രങ്ങളില്‍ നല്‍കിയില്ല എന്ന് പറഞ്ഞ ഫിറോസിന്, ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന പരസ്യം കാണിച്ചായിരുന്നു മറുപടി നല്‍കിയത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് മുന്‍പില്‍ അടിപതറില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും, തസ്തികയിലേക്ക് വന്ന ഏഴു പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
പിതൃസഹോദര പുത്രനായ കെടി അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രി കെടി ജലീല്‍ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നായിരുന്നു ഫിറോസിന്റെ ആരോപണം.
വിഷയത്തില്‍ പിന്തുണയുമായി മന്ത്രി ഇപി ജയരാജനും രംഗത്തെത്തിയിരുന്നു.ബന്ധുനിയമന ആരോപണം വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും, യോഗ്യത ഉള്ളവരെ മാത്രമാണ് നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഡെപ്യൂട്ടേഷനില്‍ ആളെ നിയമിക്കാമെന്നതു സര്‍ക്കാര്‍ തീരുമാനമാണ്. മന്ത്രി ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നയാളാണെന്ന ആരോപണം തന്നെ വസ്തുതയ്ക്കു നിരക്കുന്നതല്ലെന്നും, ഇപ്പോള്‍ ഉയരുന്നത് തീര്‍ത്തും വില കുറഞ്ഞ രാഷ്ട്രീയ വാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കെടി ജലീലിന്റെ വാദങ്ങളെ ശരിവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്. ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നടന്നിരുന്നു, നിയമനത്തില്‍ ചട്ടലംഘനങ്ങളില്ലെന്നുമാണ് ഓഫീസ് അറിയിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയത്