കൊച്ചി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല പരിസരങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന പോലീസിനെതിരെയും ഹൈക്കോടതി വിമര്‍ശനം. സംഘര്‍ഷങ്ങള്‍ക്കിടെ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. വാഹനങ്ങള്‍ തകര്‍ത്ത പോലീസുകാരുടെ നടപടിയെ ഡ്യൂട്ടിയുടെ ഭാഗമായി കാണാനാകില്ലെന്നു പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.
മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിലും കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണെന്നു ചോദിച്ച കോടതി മാധ്യമങ്ങള്‍ സന്നിധാനത്തെത്തിയാല്‍ അതിന്റെ ഗുണം സര്‍ക്കാരിനും ഉണ്ടെന്നും നിരീക്ഷിച്ചു. അതോ സന്നിധാനത്ത് മറ്റെന്തെങ്കിലും നടപ്പാക്കാനാണോ മാധ്യമങ്ങളെ തടഞ്ഞതെന്നും കോടതി ആരാഞ്ഞു.
ക്രമസമാധാനപാലനത്തിന്റെ പേരില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കിയ കോടതി മാധ്യമങ്ങളെയും ഭക്തരെയും ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചു.
അതേസമയം, യഥാര്‍ഥ വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലയ്ക്കല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
Discussion about this post