കൊച്ചി: ലോകത്തെവിടെയും തീവ്രവാദത്തിനായി പണം മുടക്കാന്‍ ആളുകള്‍ തയ്യാറാണ്. അതുകൊണ്ട് കേരളത്തിലുള്ളവര്‍ ഇവിടെ എല്ലാവരും സൗഹാര്‍ദ്ദത്തോടെയാണ് കഴിയുന്നത്, ഇവിടെ ഭീകരാക്രമണമൊന്നും നടക്കില്ല, എന്ന ആത്മവിശ്വാസം വേണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ശ്രീലങ്കയിലുണ്ടായ തീവ്രവാദി ആക്രമണത്തേക്കാള്‍ വലിയൊരു ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണ് കേരളമെന്നും അതിനുള്ള എല്ലാ ചേരുവകളും ഇവിടെയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നര്‍മ്മം കലര്‍ത്തിയും ഭീകരാക്രമണങ്ങളുടെ പിന്നിലെ മാനസികാവസ്ഥ വിവരിച്ചുമാണ് അദ്ദേഹത്തിന്റഎ കുറിപ്പ്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മുഖം മറയ്ക്കാതെ തീവ്രവാദം, മുഖം മറച്ചിരിക്കുന്ന ഭീകരവാദികള്‍. രണ്ടാഴ്ചയായി യാത്രകളിലായിരുന്നതിനാല്‍ ശ്രീലങ്കയിലെ ഭീകരവാദി ആക്രമണങ്ങളെപ്പറ്റി വിശദമായി എഴുതാന്‍ പറ്റിയില്ല. സമീപകാലത്ത് ലോകത്തുണ്ടായ സംഭവവികാസങ്ങളില്‍ കേരളം ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് ശ്രീലങ്കയില്‍ സംഭവിച്ചത്.
‘ശ്രീലങ്കയില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കുമോ?’, എന്നതാണ് മിക്കവരുടെയും മനസ്സിലുള്ള ചോദ്യം.
ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ ഒരു തീവ്രവാദി ആക്രമണം കേരളത്തില്‍ ഉണ്ടാകാം എന്നതില്‍ ഒരു സംശയവും വേണ്ട. അതിനുള്ള എല്ലാ ചേരുവകളും ഇവിടെയുണ്ട്. വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ എവിടെയും ഉണ്ട്, അവിടെ ആയിരക്കണക്കിന് ആളുകള്‍ വന്നു ചേരുന്ന ആഘോഷങ്ങളുണ്ട്. ഇവിടങ്ങളില്‍ സാധാരണദിവസങ്ങളിലോ ആഘോഷ ദിവസങ്ങളിലോ പൊട്ടിത്തെറിക്കാന്‍ വരുന്ന ഭീകരനെ കണ്ടെത്താനുള്ള ഒരു സംവിധാനവുമില്ല. ഒരു ബോംബുണ്ടാക്കാനുള്ള എല്ലാ സാധന സാമഗ്രികളും – വെടിമരുന്ന് മുതല്‍ ബോള്‍ ബെയറിങ്ങ് വരെ കേരളത്തിലെവിടെയും ലഭ്യമാണ്. തീവ്രവാദ ആശയങ്ങളുള്ളവര്‍ കേരളത്തിലെന്പാടുമുണ്ട്. കേരളത്തില്‍ എന്തെങ്കിലും ആസൂത്രണം നടന്നാല്‍ അത് മുന്‍കൂര്‍ കണ്ടുപിടിക്കാവുന്ന തരത്തിലുള്ള ഇന്റലിജന്‍സ് സര്‍വൈലന്‍സ് സംവിധാനങ്ങളൊന്നും നമുക്കിപ്പോഴും ശക്തമല്ല. നാട്ടില്‍ അക്രമങ്ങള്‍ നടത്തി മറുനാട്ടിലേക്ക് പോകാനുള്ള സാധ്യതയും, മറുനാട്ടില്‍ അക്രമങ്ങള്‍ നടത്തി കേരളത്തില്‍ എത്തിയവരെ ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയുണ്ട്. തീവ്രവാദത്തിന് പണം മുടക്കാന്‍ ലോകത്തെവിടെയും ആളുകളുണ്ട്. ഇതൊക്കെ നമുക്ക് ചുറ്റുമുണ്ടായിട്ടും നമ്മുടെ ഭാഗ്യത്തിന് അവയൊക്കെ ഇതുവരെ വേണ്ടത്ര അളവില്‍ ഒത്തുചേര്‍ന്നിട്ടില്ല എന്നുമാത്രം. അതുകൊണ്ട് ‘ദൈവത്തിന്റെ സ്വന്തം നാടാണ്, ഇവിടെ എല്ലാവരും സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നത്, നമുക്ക് ഒന്നും പേടിക്കാനില്ല’ എന്നൊരു ചിന്തയേ വേണ്ട.
ഒരു ഭീകരവാദി ആക്രമണം നടത്താന്‍ വലിയ ആള്‍ക്കൂട്ടമൊന്നും വേണ്ട. ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി ആക്രമണമായ 9/11 നടപ്പിലാക്കിയത് വെറും പത്തൊന്പത് ആളുകള്‍ ചേര്‍ന്നാണ്. ന്യൂസിലന്‍ഡിലെ ഭീകരവാദ ആക്രമണം നടത്തിയത് ഒരാള്‍ ഒറ്റക്കാണ്. മുംബൈയിലെ ഭീകരവാദി ആക്രമണത്തില്‍ പത്തുപേര്‍ മാത്രമാണ് പങ്കുചേര്‍ന്നിരുന്നത്. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവരും ഇത്രയും പേരുണ്ടെന്ന് കരുതിയാല്‍ തന്നെ അന്‍പത് പേരുടെ സംഘം തീരുമാനിച്ചാല്‍ അയ്യായിരം പേരെ കൊല്ലാം. അതായത് അന്‍പത് പേരെ കൊല്ലാന്‍ ഒരാള്‍ മതി. എത്ര സ്‌നേഹത്തോടും സൗഹാര്‍ദ്ദത്തോടും കൂടി ജീവിക്കുന്ന സമൂഹത്തിലും വെറുപ്പും വിദ്വേഷവുമായി ഭീകരാക്രമണം നടത്താന്‍ ഒരു ഡസന്‍ ആളുകളെ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ഒരു ഭീകരവാദി ആക്രമണം ഉറപ്പാണെന്ന് മനസ്സിലാക്കിയാല്‍ പിന്നെ നാം ആലോചിക്കേണ്ടത് എങ്ങനെയാണ് അത് ഒഴിവാക്കാന്‍ സാധിക്കുന്നത് എന്നാണ്. സ്വാഭാവികമായും കൂടുതല്‍ അപായ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താം. ഇത് ആരാധനാലയങ്ങള്‍ തൊട്ട് വിമാനത്താവളം വരെയും, മതപരമായ ചടങ്ങുകള്‍ തൊട്ട് പാര്‍ട്ടി സമ്മേളനം വരെയും ആകാം. ഇത് നമ്മള്‍ ഇപ്പോഴേ ചിന്തിച്ചു തുടങ്ങണം. ഒരു കാര്യം കൂടി മനസ്സിലാക്കണം, എല്ലാ ഭീകരവാദികളും തോക്കും ബോംബുമായിട്ടമല്ല വരുന്നത്. ഭയത്തിന്റെ ഒരു സാഹചര്യം നിലവിലുണ്ടെങ്കില്‍ ആള്‍ക്കൂട്ടത്തിന്റെ നടുക്ക് നുണബോംബ് പൊട്ടിച്ചാല്‍ പോലും ആളെ കൊല്ലാം. 2005 ല്‍ ഇറാക്കിലെ അല്‍ ഐമ്മ പാലത്തില്‍ ആയിരത്തോളം ആളുകള്‍ തിരക്കില്‍പ്പെട്ട് മരിച്ചത് ഇങ്ങനെ ഒരു നുണബോംബ് പൊട്ടിയിട്ടാണ്. തൃശൂര്‍ പൂരം തൊട്ട് യുവജനോത്സവം വരെ ആളുകൂടുന്ന എവിടെയും നുണബോംബ് പൊട്ടിക്കാന്‍ കയറിപ്പോകുന്ന തീവ്രവാദിയെ കണ്ടെത്താനുള്ള സംവിധാനമൊന്നും ഇപ്പോള്‍ ലോകത്തില്ല.
ഭീകരവാദികള്‍ ആകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ആക്രമണങ്ങള്‍ തടയാന്‍ ശ്രമിക്കുക എന്നതാണ് അടുത്ത പടി. ഇതും ഇപ്പോഴേ ചെയ്യേണ്ടതാണ്. പാരീസ് മുതല്‍ ശ്രീലങ്ക വരെയുള്ള സ്ഥലങ്ങളില്‍ ഭീകരവാദ ആക്രമണങ്ങള്‍ നടത്തിയവര്‍ പലരും സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളായിരുന്നു. എന്നാല്‍ അവര്‍ ഇത്ര കടുംകൈ ചെയ്യും എന്ന പ്രതീക്ഷയോ മുന്നറിയിപ്പോ ഇല്ലാത്തതിനാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇത്തരം സാഹചര്യം ഒഴിവാക്കണം. പരന്പരാഗതമായ രീതിയില്‍ റിസ്‌ക് പ്രൊഫൈല്‍ ഉള്ളവരൊന്നുമല്ല ഇപ്പോള്‍ ഭീകരവാദികളായി വരുന്നത്. ഉന്നത വിദ്യാഭ്യാസം, വിദേശത്തുള്ള പഠനം, സാന്പത്തികമായ ഉയര്‍ന്ന കുടുംബം തുടങ്ങി എല്ലാമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് തീവ്രവാദ ആശയങ്ങളില്‍ പോയി പലപ്പോഴും പെടുന്നതും ഭീകരവാദത്തില്‍ എത്തിപ്പെടുന്നതും. ഇവരെല്ലാം നമ്മുടെ സ്‌പെഷ്യല്‍ ബ്രാഞ്ചുകാരുടെ കണ്ണില്‍ പെടുമെന്ന് പ്രതീക്ഷിക്കരുത്. നമ്മുടെ സര്‍വൈലന്‍സ്, ഇലക്ട്രോണിക് ഉള്‍പ്പടെ, ഇനിയും കാര്യക്ഷമമാക്കണം. ബിഗ് ഡേറ്റ രംഗത്തുണ്ടായിരിക്കുന്ന പുരോഗതി ഉപയോഗിക്കണം, മറ്റു രാജ്യങ്ങളുമായി ഇന്റലിജന്‍സ് വിനിമയം നടത്തണം. എന്നിരുന്നാലും കൂടുതല്‍ ഭീകരരും പോലീസ് സംവിധാനങ്ങളുടെ റഡാറിന് വെളിയിലാണ്.
അപ്പോള്‍ ഇതിനൊരു പരിഹാരം ഇല്ലേ വൈദ്യരേ?
തീര്‍ച്ചയായും ഉണ്ട്. പക്ഷെ അതിന് കുറുക്കുവഴികള്‍ ഒന്നുമില്ല. സമൂഹത്തിന്റെ മൊത്തം ഭാവിയുടെ പ്രശ്‌നമാണെന്ന് അറിഞ്ഞ്, ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കാന്‍ നാം തയ്യാറായാല്‍ ഭീകരവാദം വാലും പൊക്കി ഓടും.
‘അവരും’ ‘നമ്മളും’ എന്ന് രണ്ടു തരത്തില്‍ ആളുകള്‍ ഉണ്ടാകുന്ന ലോകത്താണ് ഭീകരവാദം നടക്കുന്നത്. ‘ശരിയായ കാര്യങ്ങള്‍ ചെയ്യുന്ന – നേര്‍വഴിക്ക് നടക്കുന്ന’ നമ്മള്‍, ‘പാപത്തിന്റെ വഴിയില്‍ നടക്കുന്ന – തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന – നമ്മളെക്കാള്‍ മോശക്കാരായ’ അവര്‍. ഇങ്ങനെയാണ് ഭീകരവാദികളുടെ ലോക വീക്ഷണം. വാസ്തവത്തില്‍ ലോകത്തില്‍ അങ്ങനെ രണ്ടു വര്‍ഗ്ഗം ഇല്ല. പക്ഷെ, ഏതെങ്കിലും ആശയത്തിന്റെ അന്ധതയില്‍ ഇക്കാര്യം ഒരിക്കലും ഭീകരവാദികള്‍ക്ക് മനസ്സിലാവില്ല. ഈ ബോധം ആളുകളില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതാണ് ചോദ്യം.
ആദ്യമായി ആളുകള്‍ക്ക് പരസ്പരം അറിയാനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. നൂറ്റാണ്ടുകളായി, തലമുറകളായി ഒരേ നാട്ടില്‍ ഒരുമിച്ച് ജീവിച്ചവരാണ് പൊതുവെ മലയാളികള്‍. നൂറു വര്‍ഷം മുന്‍പത്തെ കാര്യമെടുത്താല്‍ വിവിധ ജാതി മതങ്ങള്‍ തമ്മില്‍ ഏതെങ്കിലും വിധത്തില്‍ സാന്പത്തിക ബന്ധങ്ങള്‍ ഉണ്ടായിരുന്നു, അതില്‍ നിന്നുള്ള സാമൂഹ്യ ബന്ധങ്ങളും. അന്‍പത് വര്‍ഷം മുന്‍പത്തെ കാര്യമെടുത്താല്‍ ഒരു ഗ്രാമത്തിലെ എല്ലാ ജാതി മതത്തിലെ കുട്ടികളും പോയിക്കൊണ്ടിരുന്നത് ഒരേ സ്‌കൂളിലാണ്. അങ്ങനെ ഏതെങ്കിലും കാരണത്താല്‍ മറ്റുള്ളവരുമായി ഇടപെട്ടു വളരുന്ന ഒരു ജനതയോട് ‘മറ്റുള്ളവര്‍’ മൊത്തം ചീത്തയാണെന്ന തീവ്രവാദ പ്രചാരണമൊന്നും എളുപ്പത്തില്‍ ഫലം കാണില്ല.
വിദ്യാലയങ്ങള്‍ സാന്പത്തികമായും മതപരമായും കുട്ടികളെ വിവിധ കള്ളികളിലിട്ടു വളര്‍ത്തുന്‌പോള്‍, നഗരവല്‍ക്കരണവും ഓണ്‍ലൈന്‍ കച്ചവടവും അയല്‍ക്കാര്‍ തമ്മില്‍ പോലും അറിഞ്ഞിരിക്കാനുള്ള സാധ്യത കുറയുന്‌പോള്‍ നമ്മള്‍ അറിയാത്തവരെ തിന്മയുടെ പ്രതീകമായി ചിത്രീകരിക്കാന്‍ എളുപ്പമാണ്. അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നമുക്ക് ലാഭമായി തോന്നാന്‍ എളുപ്പമാണ്. പോരാത്തതിന് തൊട്ടടുത്ത വീട്ടിലുള്ളവര്‍ തീവ്രവാദ ചിന്തകള്‍ ഉള്ളവരാണെന്ന് അയല്‍ക്കാരോ ബന്ധുക്കളോ അറിയണമെന്നില്ല. ഒരുമിച്ചു ജീവിക്കുന്ന സമൂഹത്തെ സാമൂഹ്യമായും സാന്പത്തികമായും പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് തീവ്രവാദികള്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നത് തടയാനും, തുടക്കത്തിലേ കണ്ടുപിടിക്കാനുമായി ആദ്യമേ ചെയ്യേണ്ടത്. ഹുട്ടു- ടുട്‌സി എന്ന രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയത മൂത്ത് എട്ടുലക്ഷത്തോളം ആളുകള്‍, പ്രധാനമായും ടുട്‌സികള്‍ കൊല്ലപ്പെട്ട ആഫ്രിക്കയിലെ റുവാണ്ടയില്‍ ഇരു വിഭാഗങ്ങളിലുമുള്ളവര്‍ വീടുകളുണ്ടാക്കുന്നത് അടുത്തടുത്താകണം എന്ന് സര്‍ക്കാര്‍ നിയമമുണ്ടാക്കി. കേരളത്തില്‍ തല്‍ക്കാലം അതിന്റെ ആവശ്യമില്ല. പക്ഷെ ഒരു പ്രദേശത്തുള്ള കുട്ടികള്‍ ഒരേ സ്‌കൂളില്‍ പഠിക്കുന്ന നൈബര്‍ഹുഡ് സ്‌കൂള്‍ സംവിധാനം വളര്‍ത്തിയെടുക്കണം. അതുപോലെ തന്നെ നാം ഇപ്പോള്‍ നമ്മുടെ കണ്മുന്‍പില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്ന മറുനാട്ടുകാരെ നമ്മുടെ ചുറ്റളവിലേക്ക് കൊണ്ടുവരികയും വേണം.
രണ്ടാമത്തേത് ഭിന്നിപ്പിക്കുന്ന ആശയങ്ങളെ – മതമായാലും രാഷ്ട്രീയമായാലും, വര്‍ഗ്ഗീയമായാലും ഇല്ലായ്മ ചെയ്യുക എന്നതാണ്. ഒരു സമൂഹത്തിലും ഭീകരവാദികള്‍ പെട്ടെന്ന് ഉണ്ടാവുകയല്ല. മറിച്ച് ഏതെങ്കിലും ആശയപരമായ തീവ്രവാദം (മതമോ, ജാതിയോ, വര്‍ണ്ണമോ, പ്രാദേശികവാദമോ ആവാം) ഉണ്ടാക്കിക്കൊടുക്കുന്ന ചതുപ്പുനിലത്താണ് ഭീകരവാദികളാകുന്ന മുതലകള്‍ വളരുന്നത്. തീവ്രവാദമായ ആശയങ്ങള്‍ക്ക് ലോകത്ത് ഒരു പഞ്ഞവും ഇല്ല. അതിനെ അടിസ്ഥാനപ്പെടുത്തി ആളുകള്‍ യുദ്ധത്തിന് ഇറങ്ങിയിട്ടുണ്ട്, ആളെ കൊന്നിട്ടുമുണ്ട്. പക്ഷെ ജാതി – മത – വര്‍ണ്ണ – പ്രാദേശിക വിഷയങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന തീവ്രവാദ സാധ്യതകളെ ഊതിപ്പെരുപ്പിച്ച് ആളുകളെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള നേതാക്കള്‍ വേണം. കാലാകാലങ്ങളില്‍ അത്തരം നേതാക്കള്‍ ലോകത്ത് ഉണ്ടാകും, അവരുടെ തന്ത്രങ്ങളില്‍ പെട്ട് ആളുകള്‍ കുഴലൂത്തുകാരന്റെ പുറകിലെ എലികളെ പോലെ മാളത്തില്‍ നിന്നും പുറത്തിറങ്ങും.
സാമൂഹ്യമാധ്യമങ്ങള്‍ ഇത്തരം കുഴലൂത്തുകള്‍ ഏറെ എളുപ്പമാക്കിയിട്ടുണ്ട്. തീവ്രവാദം പ്രസംഗിക്കുന്നവരുടെ ക്ലിപ്പോ വാട്‌സ്ആപ്പ് മെസ്സേജോ പങ്കുവെക്കുന്ന ശരാശരിക്കാരൊന്നും തീവ്രവാദികളല്ല. പക്ഷെ തീവ്രവാദം നിലനില്‍ക്കുന്നത് ഇവര്‍ നല്‍കുന്ന നിശബ്ദ പിന്തുണയുടെ പിന്നിലാണ്. ഇത്തരം തീവ്രവാദ പ്രസംഗവും പ്രചാരണവും നടത്തുന്നവരുടെ പിന്നില്‍ ‘ലക്ഷം ലക്ഷം’ ഉണ്ടെന്ന പേടിയിലാണ് വോട്ട് മേടിച്ച് ജയിക്കേണ്ട സര്‍ക്കാരുകള്‍ ഇവരെ നിലക്ക് നിര്‍ത്താത്തതും ഇവരുടെ തീവ്രവാദ പ്രചാരണങ്ങളെ നിയന്ത്രിക്കാത്തതും. ഇങ്ങനെ ആധുനികതയുടെ സംഭാവനയായ ആശയ വിനിമയ സംവിധാനങ്ങളും, ജനാധിപത്യ സംവിധാനങ്ങളുടെ സംഭാവനയായ അഭിപ്രായ സ്വാതന്ത്ര്യവും ഉപയോഗിച്ച് ഇവര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. അതില്‍ ധാരാളം പേര്‍ വീഴുന്നു. അതില്‍ കുറച്ചു പേര്‍ തിയറിയില്‍ നിന്നും പ്രാക്ടീസിലേക്ക് കടക്കുന്നു. തോക്കെടുക്കുന്നു, ബോംബാകുന്നു, പൊട്ടിക്കുന്നു, പൊട്ടിച്ചിതറുന്നു. ഇത് ഒഴിവാക്കണമെങ്കില്‍ ഭീകരവാദികളാകാന്‍ പോകുന്ന മുതലക്കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ചാല്‍ മാത്രം പോരാ, ഭീകരവാദം വളര്‍ത്തുന്ന ആശയങ്ങളുടെ അഴുകിയ ചതുപ്പുനിലങ്ങള്‍ പൊട്ടിച്ചു കളയുകയും വേണം. ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ, കടുത്ത രോഗത്തിന് കാഠിന്യമുള്ള മരുന്നുകള്‍ വേണ്ടിവരും.
എന്നാല്‍ എളുപ്പമുള്ള ഒരു കാര്യം പറയാം. മനുഷ്യര്‍ പൊതുവെ സ്വാര്‍ത്ഥരാണ്. അങ്ങനെയാണ് പ്രകൃതി അവരെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ആളുകളെ ഭീകരവാദത്തിന്റെ ചരിത്രം പഠിപ്പിക്കണം. ലോകത്തെവിടെ നോക്കിയാലും ഭീകരവാദം എല്ലാവര്‍ക്കും നഷ്ടക്കച്ചവടമാണ്. ബോംബായി പൊട്ടിത്തെറിക്കുന്നവന്റെ കാര്യം അപ്പോഴേ തീര്‍ന്നു. തോക്കുമായി ആളെ കൊല്ലുന്നവരും താമസിയാതെ പിടിക്കപ്പെടും, പിന്നെ അല്പായുസ് തന്നെ. ബാക്കിയുള്ളത് അവരുടെ ആശയങ്ങള്‍ പിന്തുടരുന്നവരുടെ കാര്യമാണ്. ഭീകരവാദം ജയിക്കുന്ന കാലത്ത് ‘ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു’ എന്ന് പാടുന്ന ആളുകള്‍ ഭീകരവാദികള്‍ തോറ്റോടുന്‌പോള്‍ തീവ്രവാദവും വിട്ട് ‘എനിക്കെന്റെ അമ്മേക്കാണണം’ എന്ന മട്ടില്‍ ഓടുന്നത് നമ്മള്‍ ഇപ്പോള്‍ സിറിയയില്‍ കാണുന്നുണ്ടല്ലോ. പോരാത്തതിന് ഏതൊരു പരിഷ്‌കൃത സമൂഹത്തിലും ഭീകരവാദത്തിന് അടിസ്ഥാനം നല്‍കുന്ന ആശയ സംഹിതകളോട് സമൂഹത്തിന് എതിര്‍പ്പ് കൂടി വരികയേയുള്ളൂ. അപ്പോള്‍ ആശയപ്രചാരണത്തിനുള്ള എളുപ്പമാര്‍ഗ്ഗമോ നല്ല മാര്‍ഗ്ഗമോ അല്ല തീവ്രവാദവും ഭീകരവാദവും ഒന്നും. ഇതൊക്കെ കൂടുതല്‍ ആളുകള്‍ മനസ്സിലാക്കുന്ന കാലത്ത് തീവ്രവാദത്തിന്റെ മാര്‍ക്കറ്റ് കുറയും.
ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും തല്‍ക്കാലം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്ന കാര്യമല്ല. തീവ്രവാദം വളരും, ഭീകരവാദം ഉണ്ടാകും. അതിനുശേഷം മാത്രം നമ്മള്‍ വേണ്ട നടപടികളിലേക്ക് വരും. അതാ ശീലം.
അതുകൊണ്ടു തന്നെ അടുത്ത കുറച്ചു നാളുകളെങ്കിലും എന്റെ വായനക്കാര്‍ തിരക്കുള്ള സ്ഥലത്ത്, അത് മാളിലും മലമുകളിലും, നുണബോംബുകളെ ഒന്ന് പേടിക്കുന്നത് നല്ലതാണ്.
(മീനവിയല്‍ ഞങ്ങളുടെ നാട്ടിലെ ഒരു പള്ളിയില്‍:
‘ഞങ്ങളുടെ പള്ളിയില്‍ ഈ ഭീകരന്മാര്‍ ഒന്നും വരില്ല’
‘അതെന്താ ചേട്ടാ?’
‘പോലീസ് ഇല്ലാതെ ഞങ്ങളുടെ പള്ളി തുറക്കാറും ഇല്ല, അടി പേടിച്ച് ആരും അകത്തേക്ക് പോകാറും ഇല്ല’).