തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം മുന്‍ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. വെടിക്കെട്ട് ആചാര പൂര്‍വ്വം നടക്കും. എന്നാല്‍ പൂരത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന്റെ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമൂലം പൂര പ്രേമികള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല. പക്ഷെ പൂരത്തിനെത്തുന്നവര്‍ സഞ്ചികളും ബാഗുകളും കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കും.
സുരക്ഷയ്ക്കായി കൂടുതല്‍ സിസിടിവികളും പോലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും വിന്യസിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണത്തേതുപോലെ തന്നെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടത്തും. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, വെടിക്കെട്ട് കാണാനെത്തുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ തന്നെ ഏല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.