കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനമെന്നത് ബിജെപിയ്ക്ക് കിട്ടി സുവര്‍ണാവസരമാണെന്നും ബിജെപിയുടെ അജണ്ഡയിലേക്ക് ഒരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും പറയുന്ന ശ്രീധരന് പിള്ളയുടെ പ്രസംഗം പുറത്ത് . ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗമാണ് പുറത്തുവന്നത്.
ശബരിമല വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ്, ആചാര സംരക്ഷണത്തിന്റെ സമരമാണ് ബിജെപി ശബരിമലയില്‍ നടക്കുന്നത്, തുടങ്ങിയ വാദം ഉന്നയിച്ച ബിജെപി, വിഷയത്തില്‍ വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന പ്രസംഗമാണ് പുറത്ത് വന്നിരിക്കുന്നത്.
‘ശബരിമല ഒരു സമസ്യയാണെന്നും ബിജെപിക്ക് ഇതു സുവര്‍ണാവസരമാണെന്നും ശ്രീധരന് പിള്ള പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം പതിനേഴു മുതല്‍ ഇതുവരെയുള്ള സമരം പരിശോധിച്ചാല്‍ നമ്മള് പ്ലാന്‍ ചെയ്തു നടപ്പാക്കിയ കാര്യങ്ങളാണ് നടന്നത്. നമ്മള് വരച്ച വരയിലൂടെ കാര്യങ്ങള്‍ നീങ്ങണം. ശബരിമലയില്‍ നമ്മള് മുന്നോട്ടുവച്ച അജന്‍ഡിയിലേക്ക് ഓരോരുത്തരായി വന്നുവീഴുകയായിരുന്നു. ഒടുവില്‍ നമ്മളും സംസ്ഥാനത്തെ ഭരണകക്ഷിയും മാത്രമാണ് ബാക്കിയാവുകയെന്ന് ശ്രീധരന് പിള്ള പറയുന്നു.
തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍, ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചുവെന്നും ശ്രീധരന് പിള്ള പറയുന്നു. നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന് ചോദിച്ചുവെന്നും, കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും, കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലാകും എടുക്കുക പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകുമെന്നും താന്‍ പറഞ്ഞെന്നും. തുടര്‍ന്നാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. അതാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ചിത്തിര ആട്ടത്തിനായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ തന്ത്രി അതേപോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബിജെപിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു’
Discussion about this post