തിരുവനന്തപുരം: സംസ്ഥാനത്തെ തകര്‍ത്തു കളഞ്ഞ മഹാപ്രളയത്തില്‍ നിന്നും നാം കരകയറി വരുന്നതേ ഉള്ളൂ. പ്രളയം തകര്‍ത്തതെല്ലാം പഴയ പടി ആക്കിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനോടകം തകര്‍ന്നു പോയ നിരവധി വീടുകള്‍ വീണ്ടും പണിതുയര്‍ത്തി കഴിഞ്ഞു. ഇപ്പോള്‍ പ്രളയം തകര്‍ത്ത റോഡുകളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് സഹായ വാഗ്ദാനവുമായി ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യു രംഗത്ത് വന്നത്.
ആധുനിക രീതിയില്‍ തന്നെ റോഡിന്റെ പുനര്‍നിര്‍മ്മാണം നടക്കും, സമാനമായ ദുരന്തങ്ങള്‍ നേരിടാന്‍ തക്കവിധം കേരളത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്തും. ഇതിനായി കെഎഫ് ഡബ്ല്യു 700 കോടിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കായി കെഎഫ് ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തും. വായ്പ വാഗ്ദാനം ചെയ്ത് ബാങ്ക് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിന്റെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഏകദേശം 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നായിരുന്നു യുഎന്‍ അടക്കമുളള വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മ്മാണത്തിന് നേതൃത്വം നല്കുന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യുവുമായും ചര്‍ച്ചകള്‍ നടന്നു.
Discussion about this post