പത്തനംതിട്ട: താന്‍ മത്സരിച്ച പത്തനംതിട്ട മണ്ഡലത്തില്‍ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്. താന്‍ ഒരു കാരണവശാലും പരാജയപ്പെടില്ലെന്നും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സുരേന്ദ്രന് അവകാശപ്പെട്ടു.
കക്ഷിരാഷ്ട്രീയത്തിന് അതീതമായാണ് പത്തനംതിട്ടയില്‍ വിജയം നേടുക. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടം താന്‍ അവസാനിപ്പിക്കില്ല. മണ്ഡലത്തില്‍ താന്‍ മത്സരിച്ചത് വീണാ ജോര്ജുമായല്ല പിണറായി വിജയനുമായാണെന്നും സുരേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രന് ആരോപണമുയര്‍ത്തി.
പത്തനംതിട്ടയില്‍ 3000 തപാല്‍ വോട്ടും 40000 സര്‍വീസ് വോട്ടുമാണുള്ളത്. ജീവനക്കാരുടെ വീട്ടിലെ മേല്‍വിലാസത്തിലേയ്ക്ക് അയയ്ക്കുന്നതിനു പകരം ഓഫീസ് വിലാസത്തിലാണ് ബാലറ്റുകള്‍ അയച്ചത്. തപാല്‍ വോട്ടിന്റെ ചുമതല സ്ഥലംമാറ്റ ഉത്തരവ് നല്കാന് അധികാരമുള്ള എന്‍ജിഒ യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥനെയാണ് ഏല്‍പ്പിച്ചതെന്നും ആരോഗ്യവകുപ്പിലെ 450 ജീവനക്കാരുടെ തപാല്‍വോട്ട് ഭീഷണിപ്പെടുത്തിയാണ് പിടിച്ചുവാങ്ങിയതെന്നും സുരേന്ദ്രന് ആരോപിച്ചു.
തപാല്‍ ബാലറ്റുകള്‍ ഏല്‍പ്പിക്കാത്തവരെ സ്ഥലം മാറ്റുമെന്ന് എന്‍ജിഒ യൂണിയനുകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. ഇടവമാസ പൂജയ്ക്ക് ശബരിമല നട തുറക്കുമ്പോള്‍ മനിതി സംഘത്തെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിശക്തമായി നേരിടുമെന്നും കെ സുരേന്ദ്രന് ആക്രമണ ഭീഷണി മുഴക്കി.
Discussion about this post