കോഴിക്കോട്: കേരളക്കരയെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് വൈറസ്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് വരുന്നത്. ഇപ്പോള്‍ കോഴിക്കോട് ആളുകളും പ്രത്യേകിച്ച് പേരാമ്പ്രക്കാരും ആഷിക്കിനോട് നന്ദി പറയുകയാണ് ഇതിന് കാരണമുണ്ട്.
നേരത്തെ ആഷിക്ക് അബു സിനിമ എടുക്കുന്നു എന്ന് അറിയിച്ചപ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ഒരു കൂട്ടം ജനങ്ങള്‍ ആ തീരുമാനത്തെ എതിര്‍ത്തിരുന്നു. മാത്രമല്ല പ്രതിഷേധം കനത്തപ്പോള്‍ പേരാമ്പ്രയില്‍ പ്രതിഷേധം എന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പേരാമ്പ്രക്കാര്‍ ആഷിക്കിനോട് ക്ഷമ ചോദിക്കുന്നു. ട്രെയിലര്‍ കണ്ടപ്പോഴാണ് യഥാര്‍ത്ഥ കഥ തങ്ങള്‍ മനസിലാക്കുന്നതെന്നും പ്രതിഷേധത്തിന് ക്ഷമിക്കണം എന്നും പറയുന്നു
ആഷിക്ക് അബുവിനോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത് മലയില്‍ എന്ന യുവാവ്. അന്നത്തെ പ്രതിഷേധത്തില്‍ താനും പേരാമ്പ്രക്കാരന്‍ ഫേസ്ബുക്ക് ഗ്രൂപ്പും ക്ഷമ ചോദിക്കുന്നതായി യുവാവ് പറഞ്ഞു.
രഞ്ജിത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പ്രിയ ആഷിഖ്, നിപയേയും നിപ പടര്‍ന്നു പിടിച്ച നാടിനേയും ആസ്പദമാക്കി താങ്കള്‍ വൈറസ് എന്ന പേരില്‍ സിനിമ ചെയ്യുന്നു എന്നറിഞ്ഞത് 2018 സപ്തംബര്‍ ആദ്യമായിരുന്നു. ആ വാര്‍ത്ത കേട്ടപ്പോള്‍ ഒരു പേരാമ്പ്രക്കാരനായ എനിക്ക് എന്തോ ഞങ്ങള്‍ അനുഭവിച്ച കണ്ണീരും ഒറ്റപ്പെടലും നിങ്ങള്‍ വിറ്റു കാശാക്കുകയാണോ എന്നൊരു തോന്നലാണുണ്ടായത്. കാരണം നിപ കാലത്ത് ഞങ്ങള്‍ പേരാമ്പ്രക്കാര്‍ അനുഭവിച്ച വേദന അതാര്‍ക്കും മനസിലാവില്ല തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു ഞങ്ങള്‍.കോഴിക്കോടിന്റേയും മലപ്പുറത്തിന്റെയും ചില ഭാഗങ്ങളില്‍ നിപ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും എല്ലാവരും കുറ്റപ്പെടുത്തിയതും ഒറ്റപ്പെടുത്തിയതും ഞങ്ങള്‍ പേരാമ്പ്രക്കാരെ ആയിരുന്നു. 2018 മെയ് മാസം ഞങ്ങള്‍ക്ക് നല്‍കിയത് തീരാവേദനയായിരുന്നു. ഞങ്ങളുടെ മാലാഖ ലോകത്തിന്റെ മാലാഖ ലിനി സിസ്റ്റര്‍, നിപയില്‍ മരണപ്പെട്ട മറ്റു കൂടപ്പിറപ്പുകള്‍. ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്… മൂന്ന് നാല് മാസങ്ങള്‍ക്ക് ശേഷം 2018 സപ്തംബര്‍ ആഷിഖ് അബു വൈറസ് എന്ന പേരില്‍ സിനിമ ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ അന്ന് ആ സിനിമയെ ഞാനും ഞാന്‍ അഡ്മിനായിട്ടുള്ള ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പും (പേരാമ്പ്രക്കാരന്‍ ഫേസ് ബുക്ക് ഗ്രൂപ്പ്) എതിര്‍ത്തു. ആഷിഖ് അബുവിന്റെ വൈറസിനെതിരെ പേരാമ്പ്രയില്‍ പ്രതിഷേധം എന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ആ പ്രതിഷേധത്തില്‍ ഞാനും പേരാമ്പ്രക്കാരന്‍ ഫേസ് ബുക്ക് ഗ്രൂപ്പും ക്ഷമ ചോദിക്കുന്നു. ട്രെയിലര്‍ കണ്ടു ഏത് വാക്ക് കൊണ്ട് വിശേഷിപ്പിക്കണം എന്നറിയില്ല അത്രയ്ക്ക് ഗംഭീരം.. ഈ ട്രെയിലര്‍ മതി ഞങ്ങള്‍ പേരാമ്പ്രക്കാര്‍ അനുഭവിച്ചതിന്റെ ആഴം മനസിലാക്കാന്‍. സൗബിന്റെ ആ കഥാപാത്രം ഞങ്ങള്‍ ഓരോരുത്തരുമായിരുന്നു.എന്റെ മോനാണല്ലേ എല്ലാവര്‍ക്കും കൊടുത്തതെന്ന ആ ഉമ്മയുടെ തേങ്ങല്‍ ഞങ്ങളുടെ ശബ്ദമായിരുന്നു. പ്രിയ ആഷിഖ് ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു, തെറ്റിധരിച്ചതിന്… വൈറസ് റിലീസിന് കട്ട വെയ്റ്റിങ്ങോടെ പേരാമ്പ്രക്കാര്‍ക്കു വേണ്ടി ഒരു പേരാമ്പ്രക്കാരന്‍ രഞ്ജിത്ത് മലയില്‍ പേരാമ്പ്ര.
Discussion about this post