കായംകുളം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടക്കുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. പഠിപ്പും വിദ്യഭ്യാസവുമുള്ള പലരും ഇത്തരം കെണികളില്‍ പെടാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് കായംകുളത്ത് അരങ്ങേറിയത്. പോലീസില്‍ ഒരു ജോലി മോഹിച്ച് ഉന്നത ബിരുദധാരികള്‍ ഉള്‍പ്പടെ നിരവധി പേരാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീണത്.
എന്നാല്‍ 2018ല്‍ നടന്ന തട്ടിപ്പ് കേസില്‍ ഈ സംഘം അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഈ കേസില്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങി ഒരുവര്‍ഷം പിന്നിടുമ്പോഴാണ് അടുത്ത തട്ടിപ്പിന് ഇവര്‍ പിടിയിലാകുന്നത്. കോട്ടയത്ത് സംഘം ട്രാഫിക് പോലീസിലേയ്ക്ക് ഹോം ഗാര്‍ഡ് മാതൃകയില്‍ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
കടുവാക്കുളത്തെ സ്വകാര്യ സ്കൂളില്‍ പോലീസ് വേഷത്തില്‍ കഴിഞ്ഞ വര്‍ഷം എത്തിയ സംഘം റിക്രൂട്ട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും ആവശ്യപ്പെട്ടു. പോലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്കൂള്‍ അധികൃതര്‍ ഇത് അനുവദിച്ചുനല്‍കി . തുടര്‍ന്ന് ഇവിടെ ആദ്യ പരീക്ഷ നടത്തി. ഇതില്‍ 76 പേര് പങ്കെടുത്തു. 200 രൂപയാണ് സംഘം ഒരാളില്‍ നിന്ന് ഫീസായി ഈടാക്കിയത്.
പാമ്പാടിയിലെ സ്കൂളില്‍ റിക്രൂട്ട്മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലെന്ന് പറഞ്ഞ് കടുവാക്കുളം സ്കൂളിലെത്തുകയായിരുന്നു. പിഎസ്സിപരീക്ഷയ്ക്കു സമാനമായി ഒഎംആര്‍ ഷീറ്റുകളിലായിരുന്നു പരീക്ഷ. ഇതില്‍ നിന്ന് 14 പേരെ ‘ഹെഡ് കോണ്‍സ്റ്റബിള്‍’ തസ്തികയിലേക്കു തെരഞ്ഞെടുത്തു. ഇവര്‍ക്കായി കായിക പരിശീലനവും സംഘടിപ്പിച്ചു.
യൂണിഫോമിനെന്ന പേരില്‍ ഒരാളില്‍ നിന്ന് 3000 രൂപയും വാങ്ങി. ട്രാഫിക് ട്രെയിന്‍ഡ് പോലീസ് ഫോഴ്സ് എന്ന സീല്‍ പതിപ്പിച്ച വ്യാജ ലെറ്റര്‍ പാഡിലാണു സംഘം ഉദ്യോഗാര്‍ഥികള്‍ക്കും മറ്റും കത്തുകള്‍ നല്‍കിയിരുന്നത്. പരിശീലന ദിവസങ്ങളില്‍ സംഘത്തിലുള്ളവര്‍ പോലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പോലീസ് ട്രെയിനിംഗ് അക്കാദമിയില്‍ ഉപയോഗിക്കുന്ന ടീ ഷര്‍ട്ടുകളും ഇവര്‍ ധരിച്ചിരുന്നു. സംഘത്തിലൊരാള്‍ ഡിഐജിയാണെന്നും മറ്റുള്ളവര്‍ എസിപിയും സിഐയും എസ്ഐമാരും ആണെന്നാണ് ഉദ്യോഗാര്‍ത്ഥികളോടു പറഞ്ഞത്.
Discussion about this post