ഫയര്‍ സറ്റേഷനിലേക്ക് വരുന്നത് ആ പെണ്‍കുട്ടിയുടെ കോള്‍, നിര്‍ത്ത് മോളെ വേറെ കോള്‍ വരും അപേക്ഷിച്ച് ഉദ്യോഗസ്ഥര്‍, പ്രണയം തുളുമ്പുന്ന ആ വിളിയില്‍ പൊറുതി മുട്ടി ജീവനക്കാര്‍

തൃശൂര്‍: തൃശ്ശൂരിലെ ഫയര്‍ സറ്റേഷന്‍ ജീവനക്കാര്‍ക്ക് ആകെ ആശങ്കയിലാണ് കാരണം മറ്റൊന്നുമല്ല, ഒരു ഫോണ്‍ കോളാണ്. രാത്രി എന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു കോള്‍ വരുന്നു. എന്നാല്‍ എന്തോ അത്യാഹിതം ആണെന്ന് കരുതി കോള്‍ എടുത്താല്‍ അങ്ങേ തലക്കല്‍ ഒരു പെണ്‍ ശബ്ദം. അതും പ്രണയം തുളുമ്പുന്ന സ്വരം.

ആദ്യം തെറ്റി വന്ന കോളാകും എന്ന് കരുതി കട്ട് ചെയ്തു എന്നാല്‍ പിന്നേയും പിന്നേയും കോളുകള്‍ വന്നു കൊണ്ടിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നാണ് വിളി വരുന്നതെന്ന്മനസിലാക്കിയ അഗ്‌നിശമന സേനാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് താക്കീത് നല്‍കി. വീട്ടുകാരോട് കാര്യം പറഞ്ഞു. ഇനി വിളിച്ചാല്‍ പോലീസില്‍ പരാതി നല്‍കും എന്ന് വരെ പറഞ്ഞു. എന്നിട്ടും കാര്യമുണ്ടായില്ല.

അതോടെ പെണ്‍കുട്ടി നമ്പര്‍ മാറ്റി. പുതിയൊരു നമ്പറില്‍ നിന്ന് വിളി ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അഞ്ചാറുമാസമായി ഈ വിളി കാരണം പൊറുതി മുട്ടിയിരിക്കുകയാണ് തൃശൂര്‍ ഫയര്‍ സ്റ്റേഷനിലുള്ളവര്‍. രാവിലെ എട്ടുമുതല്‍ വിളി തുടങ്ങുമെന്നും രാത്രിയിലും പാതിരാത്രിയിലും വരെ വിളിവരാറുണ്ടെന്നും സേനാംഗങ്ങള്‍ പറയുന്നു.

ഫോണ്‍ വെക്ക് മോളെ മറ്റു പലരും വിളിക്കും എന്ന് സേനാംഗങ്ങള്‍ പറയുമ്പോള്‍ എന്റെ കാര്യം കഴിഞ്ഞിട്ടു മതി മറ്റു കോളുകള്‍ എന്നാണത്രെ പെണ്‍കുട്ടിയുടെ പ്രണയാര്‍ദ്രമായ മറുപടി. അടിയന്തിരമായി ഫയര്‍ സ്റ്റേഷനിലേക്ക് വിളിക്കുന്ന പലര്‍ക്കും ഈ പെണ്‍കുട്ടിയുടെ തുടര്‍ച്ചയായ വിളി കാരണം കോള്‍ കിട്ടുന്നില്ലെന്നും എന്‍ഗേജ്ഡ് ടോണാണ് കിട്ടുന്നതെന്നും പരാതിയുണ്ട്.

ഗതികെട്ട് ഫയര്‍ ഫോഴ്‌സുകാര്‍ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ ഈ വിളി സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഒടുവില്‍ ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തൃശൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ലാസര്‍ പറഞ്ഞു.

Exit mobile version