കൊച്ചി: നടനും ക്യാമറാമാനും കഞ്ചാവുമായി പിടിയിലായ സംഭവത്തെ തുടര്‍ന്ന് കൊച്ചിയിലെ ഷൂട്ടിംഗ് സൈറ്റുകളില്‍ എക്‌സൈസ് കര്‍ശന പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും സിനിമാ നടനെയും ക്യാമറാമാനെയും എക്സൈസ് പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശിയായ നടന്‍ മിഥുന്‍, കാമറാമാന്‍ ബംഗളൂരു സ്വദേശി വിശാല്‍ എന്നിവരെയാണ് പിടികൂടിയത്.
ജമാലിന്റെ പൂവന്‍കോഴി എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇരുവരും കൊച്ചിയിലെ ഫോര്‍ട്ട്‌കൊച്ചിയില്‍ 2 മാസമായി താമസിച്ചിരുന്നു. ഇതിനിടെയാണ് കഞ്ചാവ് വില്‍പനയുമായി ഇരുവരും മുന്നോട്ട് പോയത്. ഫോര്‍ട്ട് കൊച്ചിയില്‍ മയക്കുമരുന്ന് കിട്ടുന്ന നിരവധി ഇടങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ് ഇവരെ ഈ പ്രവര്‍ത്തിയിലേക്ക് എത്തിച്ചത്.
ചെറിയ ബജറ്റിലുള്ള സിനിമകളുടെയെല്ലാം ഷൂട്ടിംഗ് ഇപ്പോള്‍ കൊച്ചിയിലാണ് നടക്കുന്നത്. ഷൂട്ടിംഗ് സൈറ്റുകളില്‍ കഞ്ചാവ് സ്ഥിരമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് എക്‌സൈസ് അധികൃതര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. സിനിമാ പ്രവര്‍ത്തകര്‍ക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ പിടികൂടുന്നതിനായിട്ടാണ് ഷൂട്ടിംഗ് സൈറ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.