തിരുവനന്തപുരം: എംഇഎസ് സ്ഥാപനങ്ങളിൽ ബുര്‍ഖയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെടി ജലീല്‍ ആവശ്യപ്പെട്ടു.
ഹജ്ജ് ചെയ്യുമ്പോഴും നിസ്കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും മന്ത്രി കെടി ജലീല്‍ പറയുന്നു.
അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണം എന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിലെ കച്ചവട താല്പര്യവും മന്ത്രി ചോദ്യം ചെയ്യുന്നു. 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മ്മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post