കൊച്ചി: കൊച്ചിയില്‍ കഞ്ചാവ് സഹിതം രണ്ട് പേര് അറസ്റ്റില്‍. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ജമീലാന്റെ പൂവന്‍കോഴി’ എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുന് (25) ക്യാമറാമാന് ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയുമാണ് എക്സൈസ് പരിശോധനയില്‍ പിടിയിലായത്.
ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ഇരുവരും പിടിയിലാകുന്നത്. രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാനായി ഇവര്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികള്‍ പറഞ്ഞതെന്ന് എക്സൈസ് അറിയിച്ചു. കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടിഎസ് ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ ടോണി കൃഷ്ണ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജയറാം, സെയ്ദ്, റിയാസ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ സജിത എന്നിവര്‍ പങ്കെടുത്തു.
Discussion about this post