‘കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവര്‍ ഫോട്ടോ’ എന്ന ചോദ്യത്തെ നിങ്ങള്‍ വ്യാഖ്യാനിച്ചോളുക; അശ്ലീലം പറഞ്ഞ് ജയിക്കുന്ന രീതി എനിക്കില്ല; ദീപാ നിശാന്ത്

രാഷ്ട്രീയമില്ല എന്നോ ഞാന്‍ നിഷ്പക്ഷയാണ് എന്നോ ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇനി പറയാനും ഉദ്ദേശിക്കുന്നില്ല

തൃശ്ശൂര്‍: സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ ദിവസം ഹഫ്സമോള്‍ എന്ന യുവതിയോട് ‘കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവര്‍ ഫോട്ടോ?’ എന്ന് കമന്റിലൂടെ ചോദിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപിക. വിശദീകരിക്കാന്‍ ഉദ്ദേശിച്ചതല്ല എന്ന് പറഞ്ഞാണ് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വിശദീകരിക്കാന്‍ ഉദ്ദേശിച്ചതല്ല. എങ്കിലും ചെന്നായ്ക്കും ആട്ടിന്‍കുട്ടിക്കും ഇടയില്‍ നില്‍ക്കുമ്പോള്‍ നിഷ്പക്ഷതയ്ക്ക് ട്യൂഷന്‍ ക്ലാസ്സുമായി വരുന്ന ആളുകളെ തട്ടിത്തടഞ്ഞ് നടക്കാന്‍ വയ്യാതെ പറഞ്ഞു പോകുന്നതാണ്. ആദ്യമേ തന്നെ പറയുന്നു.ഞാന്‍ നിഷ്പക്ഷയല്ല..രാഷ്ട്രീയമില്ല എന്നോ ഞാന്‍ നിഷ്പക്ഷയാണ് എന്നോ ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇനി പറയാനും ഉദ്ദേശിക്കുന്നില്ല. നിഷ്പക്ഷതയോടും അരാഷ്ട്രീയവാദികളോടും പരമപുച്ഛം തന്നെയാണ്.അതേസമയം തന്നെ എന്റെ പുച്ഛത്തെ അവഗണിച്ച് അവരുടെ നിഷ്പക്ഷത നിലനിര്‍ത്താനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യുന്നു. നിഷ്പക്ഷയല്ല എന്ന കാരണം കൊണ്ടോ, അവനവന്റെ രാഷ്ട്രീയ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയല്ല ഞാനെന്നതുകൊണ്ടോ എനിക്കുണ്ടായിട്ടുള്ള എല്ലാ സൗഹൃദ നഷ്ടങ്ങളേയും ശത്രുതയേയും വിദ്വേഷത്തേയും പുച്ഛത്തേയും പരിഹാസത്തേയും ഞാന്‍ സഹര്‍ഷം ഏറ്റു വാങ്ങുന്നു. നിങ്ങള്‍ നിങ്ങളുടെ രീതി തുടരുക. ഞാനെന്റെയും.

എഴുത്തുകാരി എന്ന നിലയില്‍ ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ / നേരത്തെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആ ഇഷ്ടത്തിന് ബദലായോ പ്രതിഫലമായോ എന്റെ രാഷ്ട്രീയ നിലപാട് ഒരാള്‍ക്കും പണയം വെക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. നിങ്ങളുടെ മുന്‍കാല സൗഹൃദവും വായനയും സ്‌നേഹവുമൊന്നും എന്റെ നിലപാടുകളുടെ മേലുള്ള കടന്നുകയറ്റമാകണ്ട എന്നര്‍ത്ഥം. സ്‌നേഹത്തിനും സൗഹൃദത്തിനും പലിശയും കൂട്ടുപലിശയും ഒരാളും പ്രതീക്ഷിക്കേണ്ടതില്ല. അത് അഹങ്കാരമായോ രാഷ്ട്രീയാടിമത്തമായോ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് നിര്‍വചിക്കാവുന്നതുമാണ്. ‘ആദ്യമൊക്കെ ഞാനവരെ വായിക്കുമായിരുന്നു.പിന്നെപ്പിന്നെ അറപ്പായി .വെറുപ്പായി. ..ഞാനാ വഴിക്കേ പൂവാറില്യാ…പക്ഷേ ഇന്നവരിട്ട പോസ്റ്റിലെ മൂന്നാമത്തെ പാരഗ്രാഫിലെ രണ്ടാമത്തെ വരീല് കോമയിടാഞ്ഞത് ശരിയായില്യാ.’ ‘ മട്ടിലുള്ള ഡയലോഗുകള്‍ ദയവു ചെയ്ത് എനിക്ക് ടാഗരുത്. സ്‌നേഹമായാലും വെറുപ്പായാലും അത് സ്വയംഭൂവാണ്. അത് അതിന്റെ വഴിക്ക് വിടുക. ഇവിടൊരാള്‍ക്കും ഒരു പ്രശ്‌നവുമില്ല.

ഇനി ചര്‍ച്ചയായ ഹഫ്‌സമോള്‍ വിഷയത്തിലേക്ക് വന്നാല്‍, ഞാന്‍ പറഞ്ഞതില്‍ ഒരു ദുഃസൂചനയും ഞാനുദ്ദേശിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയോടൊപ്പം നില്‍ക്കുന്ന കവര്‍ ഫോട്ടോയിട്ട് സ്വന്തം രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്ന ആള്‍ക്ക് എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യാനുള്ള ഒരര്‍ഹതയുമില്ല എന്നു തന്നെയാണ് ഉദ്ദേശിച്ചത്. എനിക്ക് രാഷ്ട്രീയ ചായ്വുണ്ട് എന്ന് കുറ്റപ്പെടുത്തിയ ആളോട് തിരിച്ച് അതേ നാണയത്തില്‍ മറുപടി പറഞ്ഞു.’കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും?’ എന്നല്ല ഞാന്‍ ചോദിച്ചത്.അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ദുര്‍വ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു. ‘കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവര്‍ ഫോട്ടോ ?’ എന്ന ചോദ്യത്തെ ,അദ്ദേഹത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക. അതെന്റെ വിഷയമല്ല. അശ്ലീലം പറഞ്ഞ് ജയിക്കുന്ന രീതി എനിക്കില്ല. രണ്ട് ദിവസം കാത്തിരുന്നത് നിങ്ങള്‍ എത്രത്തോളം പോകും എന്നറിയാനാണ്.നല്ല ധാരണ കിട്ടി. അഭിനന്ദനങ്ങള്‍. നന്ദി.

Exit mobile version