നാട്ടിക: ജന്മനാട്ടിലെ പള്ളി പുനര്‍നിര്‍മ്മിച്ച് എംഎ യൂസഫലി. പത്ത് കോടിക്കാണ് നാട്ടിക മുഹയൂദ്ദീന്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മിച്ചത്. ഇന്ന് പള്ളിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തി. നേരത്തെ 700 കുടുംബങ്ങള്‍ പ്രാര്‍ഥനയ്ക്കു വരുന്ന പള്ളി പുതുക്കി പണിയാന്‍ മഹല്ല് കമ്മിറ്റി ആലോചിച്ചപ്പോള്‍ ആഗോള വ്യവസായി എംഎ യൂസഫലി സഹായം നല്‍കുകയായിരുന്നു.
പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു യൂസഫലി അറിയിച്ചത്. പ്രശസ്തരായ മൂന്നു ആര്‍ക്കിടെക്ടുകളാണ് പുതിയ പള്ളിയുടെ മാതൃക തയ്യാറാക്കിയത്. 14,000 സ്‌ക്വയര്‍ ഫീറ്റ്. 1500 പേര്‍ക്ക് ഒരേ സമയം നിസ്‌ക്കരിക്കാം. യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാന്‍ ഈ പള്ളി വളപ്പിലാണ്. പൂര്‍ണമായും പ്രകൃതി സൗഹൃദമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അറേബ്യന്‍ മാതൃകയിലാണ് പള്ളിയുടെ നിര്‍മാണം. മഴവെള്ളം പൂര്‍ണ്ണമായും സംഭരിക്കുന്ന നിലയിലാണ് പള്ളി. താഴത്തെ നില പൂര്‍ണമായും ശിതീകരിച്ചതാണ്. എല്ലാ നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കൈമാറിയത്. പള്ളി നേരില്‍ കാണാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു.
നാട്ടികയിലെ നിരവധി പേര്‍ പള്ളി കാണാന്‍ എത്തിയിരുന്നു. ഇറ്റലിയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാര്‍ബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിക്ക് അലങ്കാരമേകുന്നു.