കോഴിക്കോട്; ബുര്‍ഖ നിരോധിച്ച എംഇഎസ് നിലപാടിനെതിരെ സമസ്ത. ബുര്‍ഖ ഇസ്ലാം മതത്തിന്റെ തുടക്കം മുതലുള്ള വസ്ത്ര ധാരണ രീതിയാണെന്നും, ബുര്‍ഖ നിരോധിച്ച എംഇഎസ് നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും സമസ്ത വ്യക്തമാക്കി.
മതവിഷയങ്ങളില്‍ എംഇഎസ് ഇടപെടെണ്ടതില്ലെന്നും സമസ്ത കൂട്ടിച്ചേര്‍ത്തു. എംഇഎസ് കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി സമസ്ത രംഗത്ത് വന്നിരിക്കുന്നത്.
അടുത്ത അധ്യയനവര്‍ഷം മുതല്‍ എംഇഎസ് കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്ത് ഇറങ്ങിയിരുന്നു. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. കോളെജുകളിലെ ആഭ്യന്തര വിഷയങ്ങളില്‍ മാനേജ്മെന്റുകള്‍ക്ക് തീരുമാനമെടുക്കാം എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.
മുസ്ലീം സ്ത്രീകളുടെ മുഖം മറയ്ക്കല്‍ പുതിയ സംസ്കാരമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ കെപി ഫസല്‍ ഗഫൂര്‍ പറഞ്ഞു. 99% സ്ത്രീകളും മുഖം മറയ്ക്കുന്നില്ലെന്നും, ബുര്‍ഖ നിരോധനത്തെപ്പറ്റി മതസംഘടനകളോട് കൂടിയാലോചിക്കേണ്ടതില്ലെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വീണ്ടും ഒരിടവേളയ്ക്ക് ശേഷം പര്‍ദ്ദ വിഷയം ചര്‍ച്ചയാകുന്നത്. അറയ്ക്കല്‍ രാജവംശം ഭരിച്ചിരുന്ന സുല്‍ത്താന്‍ ആയിഷ ബീവി തല മറച്ചിരുന്നില്ലെന്നും പിന്നെ എന്തിനാണ് ഇപ്പോഴത്തെ മുസ്ലീം സ്ത്രീകള്‍ക്ക് തല മറയ്ക്കുന്നതെന്നുമായിരുന്നു ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post