തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കനത്ത കാറ്റിനും കൂറ്റന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (ഇന്‍കോയിസ്) മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില സമയങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഇന്‍കോയിസ് അറിയിച്ചു.
കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 2.8 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് അടുത്ത 12 മണിക്കൂര്‍ കാറ്റിനും തിരമാലയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ ബന്ധനം ഒഴുവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും, പുതുച്ചേരി, വടക്കന്‍ തമിഴ്‌നാട് തീരത്തും തെക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നും പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post