പാലക്കാട്; ഐഎസ് ബന്ധം സംശയിച്ച് പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത റിയാസിനെ തള്ളിപ്പറഞ്ഞ് റിയാസിന്റെ കുടുംബം. ‘ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ. ഞങ്ങള്‍ അവനെ സഹായിക്കില്ല’- എന്നായിരുന്നു റിയാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പിതാവ് അബൂബക്കര്‍ പ്രതികരിച്ചത്.
‘അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അവന്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന് കരുതിയില്ല. എന്റെ മകന്‍ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ. ഞങ്ങള്‍ അവനെ സഹായിക്കില്ല.- അബൂബക്കര്‍ പറയുന്നു.
റിയാസിന്റെ പെരുമാറ്റത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നുവെന്ന് കുടുംബം പറയുന്നു. നന്നായി സംസാരിച്ചു കൊണ്ടിരുന്ന റിയാസ് സംസാരം തീരെ കുറച്ചു. താടി വളര്‍ത്താനും അറബ് വേഷം ധരിക്കാനും തുടങ്ങി. ഫോണിലൂടെയും മറ്റും ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണാനും തുടങ്ങി. സിനിമ കാണുന്നതും ടിവി കാണുന്നതും നിര്‍ത്തിയെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ റിയാസിനെ അറസ്റ്റ് ചെയ്യുന്നത്. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് മലയാളി ബന്ധമുണ്ടെന്ന സംശയത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് നിന്നും പാലക്കാട് നിന്നും എന്‍ഐഎ ചിലരെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ സ്ഫോടനം നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ശ്രീലങ്കയില്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന സഹറാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളുടെ വീഡിയോ റിയാസ് സ്ഥിരമായി കണ്ടിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ചാവേര്‍ ബോംബ് ആക്രമണം പദ്ധതിയിട്ട് വരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ റിയാസ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post