കൊച്ചി: യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ജനങ്ങളിലേക്ക് ആയുര്‍വേദത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്.
അശോകം, മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുസ് മിഷന്‍ എന്നിവര്‍ കെഎംആര്‍എല്ലുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.
ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.