തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സേന നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായി യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി വെളിപ്പെടുത്തിയത്. യതിയുടെ കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാല്‍ അത് യതിയുടെ കാല്‍പ്പാടുകള്‍ അല്ലെന്നും ഹിമാലയന്‍ കരടിയുടേതുമാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശാസ്ത്ര നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. രാജഗോപാല്‍ കമ്മത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
സൈനികര്‍ കണ്ടത് യതിയുടെ കാല്‍പ്പാടുകള്‍ അല്ല മറിച്ച് ഹിമാലയന്‍ കരടിയുടേതാണെന്ന് നിസ്സംശയം പറയാമെന്നും 17000 അടി ഉയരത്തിലെ തീവ്രമായ കാലാവസ്ഥയെ പ്രതിരോധിക്കാന്‍ പ്രാകൃതനായ ഹിമ മനുഷ്യനു കഴിയില്ലെന്നും പരിണാമ വഴിയില്‍ അതിനുള്ള ശേഷി ഹോമോസ്പീഷീസിനുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,
ഇന്ത്യന്‍ സൈനികര്‍ മക്കാലു ബേസ് കാമ്പിനു സമീപം കണ്ട കാല്പാടുകള് ഹിമമനുഷ്യന്റേതല്ല മറിച്ച് ഹിമാലയന്‍ കരടിയുടേതാണെന്ന് നിസ്സംശയം
പറയാം. 17000 അടി ഉയരത്തിലെ തീവ്രമായ കാലാവസ്ഥയെ പ്രതിരോധിക്കാന്‍ പ്രാകൃതനായ ഹിമമനുഷ്യനു കഴിയില്ല. പരിണാമ വഴിയില്‍ അതിനുള്ള ശേഷി ഹോമോസ്പീഷീസിനുണ്ടായിട്ടില്ല. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ കഴിഞ്ഞ 65 ലക്ഷം വര്‍ഷമായുള്ള ഇരുകാലുകളില്‍ നടന്നു തുടങ്ങി പരിണമിച്ച മനുഷ്യപൂര്വികര്ക്കും ആധുനിക മനുഷ്യര്‍ക്കും ഇതിനുള്ള ശേഷി പരിണമിച്ചുണ്ടായിട്ടില്ല എന്നതു വ്യക്തമാണ്. യതി എന്നൊരു ജീവി നിലനില്ക്കാനിടയില്ലെന്നു നിസ്സംശയം പറയാം. മറ്റു പ്രൈമേറ്റുകള്‍ക്ക് രോമാവരണമുണ്ടെങ്കിലും ഒരു നിശ്ചിത അളവില്‍ കുറവായ താപനിലകളില്‍ കഴിയാന്‍ അവയ്ക്കാവില്ല. എന്നാല്‍ കരടി വര്‍ഗ്ഗത്തിനും മറ്റും ഇതിനുള്ള ശേഷിയുണ്ട്. കാരണം അവയുടെ ശരീരഘടന അങ്ങനെയാണ്. മാസങ്ങളോളം ആഹാരമില്ലാതെ ശീതകാല നിദ്രയില്‍ മുഴുകാന്‍ അവയ്ക്കാകും. ഹിമാലയന്‍ കരടിക്ക് ഇരു കാലുകളില്‍ നടക്കാനാകും. തവിട്ടു നിറമോ ചാര നിറമോ ഉള്ളവയും കാണാനിടയുണ്ട്.
മനുഷ്യനുള്‍പ്പെടുന്ന ഹോമിനിനുകള്‍ ഉഷ്ണമേഖലാ കാലാവസ്ഥയുമായി ഏറെ പൊരുത്തപ്പെട്ട ശരീരഘടനയുള്ളവയാണ്. കാലക്രമേണ പരിണാമ ഘട്ടങ്ങളില്‍ അവ ശൈത്യമേറെയുള്ള കാലാവസ്ഥകളിലേയ്ക്കു മാറിയെങ്കിലും ഒരു നിശ്ചിത അളവില്‍ കൂടുതലുള്ള താപനിലയില്‍ കഴിയാനുള്ള സംവിധാനം സാധ്യമായത് ഹോമോ സാപിയന്‍സ് എന്ന ആധുനിക മനുഷ്യന് കാണപ്പെട്ടു തുടങ്ങിയതിനു ശേഷമാണ്. സൈബീരിയയിലും അലാസ്കയിലും അവര്‍ വാസമാരംഭിച്ചത് അങ്ങനെയാണ്. സ്വയം രൂപപ്പെടുത്തിയ രോമാവരണങ്ങള്‍ അണിഞ്ഞും ആഹാരത്തില്‍ കാതലായ മാറ്റം വരുത്തിയുമാണ് ഇതു സാധ്യമായത്. ഇഗ്ളൂ പൊലെയുള്ള വാസസ്ഥലങ്ങളും ഇതിനായി ഒരുക്കി. നാഷനല്‍ ജ്യോഗ്രാഫിക് പോലെയുള്ള ചാനലുകള്‍ ചില അബദ്ധ വീഡിയോകളുമായി രംഗത്തുണ്ട്. യതിയുടെ കാല്പാടുകള് കണ്ടു എന്നൊക്കെയുള്ളവ. പ്രകൃതിയെക്കുറിച്ചും അതിലെ ഘടകങ്ങളെക്കുറിച്ചുമുള്ള അന്വേഷണത്തെ ഒട്ടും തന്നെ സഹായിക്കുന്നതല്ല ഇത്തരം അബദ്ധ ശ്രമങ്ങള്‍.
പ്രൈമേറ്റുകള്‍ക്കു സഹജമായ ശാരീരിക സവിശേഷതകളാണ് ഹിമ മനുഷ്യന് അതെക്കുറിച്ചു പ്രചരിപ്പിക്കുന്നവര്‍ നല്‍കിയിരിക്കുന്നത്. ഹോമോ സ്പീഷീസും ഗോറില്ലയുമൊക്കെ പരിണമിച്ച അതേ വഴിയിലൂടെയാണ് ഹിമമനുഷ്യനും പരിണമിച്ചുണ്ടാകേണ്ടത്. ഹിമമനുഷ്യന്റെ പൂര്‍വികരുടെ തെളിവുകളില്ല. ഹിമമനുഷ്യന്റെ പിന്ഗാമികളുമില്ല. കഴിഞ്ഞ ദശലക്ഷക്കനക്കിനു വര്‍ഷമായി നിലനില്‍ക്കുന്ന സ്പീഷീസാണുന്നു കരുതാനുമാവില്ല. ജീവികളുടെ പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പനങ്ങളും ശേഖരിച്ച തെളിവുകളും വച്ച് നമുക്കു പറയാനാകുന്നത് അതിനുള്ള സാധ്യത ഒട്ടും തന്നെയില്ല എന്നാണ്.
Discussion about this post