കൊച്ചി: കുന്നോളം കഥകള്‍ പറയാനുണ്ടാകും കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ദിവസവും നിരവധി സ്ഥലങ്ങളിലൂടേയും സംസ്കാരങ്ങളിലൂടേയും അവര്‍ യാത്ര ചെയ്യുന്നു. അത്തരത്തില്‍ നന്മ നിറഞ്ഞ ഒരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ഒരു വനിതാ കണ്ടക്ടറാണ് തനിക്കുണ്ടായ നല്ല അനുഭവത്തെ ആനവണ്ടി ട്രോവല്‍ ബ്ലോഗ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയിലെ വനിതാ കണ്ടക്ടറായ രശ്മി അജിത്താണ് കക്ഷി.
എനിക്ക് ഒരു സഹായം ചെയ്യാമോ മോളെ എന്ന് പറഞ്ഞ് ഒരു വൃദ്ധന് തന്റെ അടുത്ത് എത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെ ആണ് അദ്ദേഹത്തെ സമീപിച്ചത് എന്നും എന്നാല്‍ സഹായം കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നും യുവതി പറയുന്നു.
‘മോളെ ഞാന്‍ കുറച്ചു മുമ്പ് കുമ്പളയില്‍ നിന്നും ഇങ്ങോട്ട് വരുമ്പോള്‍ കയറിയതും സ്റ്റേറ്റ് ബസിലാണ്. ഞാന്‍ 20 ഉറുപ്പിക കൊടുത്തു, 16 ഉറുപ്പിക കഴിച്ച് ബാക്കി തരേണ്ടത് 4 രൂപയാണ്. എന്നാല്‍ ആ കണ്ടക്ടര്‍ എനിക്ക് ഇത്രയും തന്നു. അദ്ദേഹം ആ തുകയും ടിക്കറ്റും എന്റെ കൈയില്‍ തന്നു. നോക്കുമ്പോള്‍ 80 രൂപ ഉണ്ട്. കുറച്ചു ചില്ലറ പൈസയും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ എനിക്ക് കാര്യം മനസ്സിലായി. 100 രൂപയുടെ ബാലന്‍സ് തുക എന്ന് കരുതിയാണ് ആ കണ്ടക്ടര്‍ പണം കൊടുത്തിരിക്കുന്നത് എന്ന്. അദ്ദേഹം വീണ്ടും പറഞ്ഞു, ‘ഞാന്‍ 20 റുപ്പിക തന്നെയാണ് കൊടുത്തത്, അത് നല്ല ഓര്‍മയുണ്ട്. മോള് ഇതെങ്ങനെ എങ്കിലും ഈ പണം ആ പെണ്‍കുട്ടിക്ക് കൊടുക്കണം. അല്ലെങ്കില്‍ വൈകുന്നേരം ആകുമ്പോള്‍ ആ കൊച്ചിന്റെ അത്രയും പൈസ വെറുതെ പോവില്ലേ മോളെ?’ ആ വൃദ്ധന് പറഞ്ഞു.
വനിതാ കണ്ടക്ടറുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…
‘ഒരു KSRTC കണ്ടക്ടർ എന്ന നിലയിൽ ഈ നാലര വർഷത്തിനിടയിൽ ഒരുപാട് സന്തോഷം തോന്നിയ ഒരു അനുഭവം നിങ്ങളോട് പങ്കുവെയ്ക്കുന്നു. കഴിഞ്ഞ ദിവസം (29/04/2019, തിങ്കൾ) പതിവ് ഡ്യൂട്ടിയിൽ 2nd ട്രിപ്പ് മംഗലാപുരത്തു നിന്നും കാസറഗോഡ് വരുന്നു. ഉച്ച സമയം, ഹൊസങ്കടി പിന്നിട്ടു എന്റെ ബസ്. ടിക്കറ്റ് കൊടുത്ത ശേഷം ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോൾ കണ്ടക്ടർ സീറ്റിന്റെ നേരെ എതിരെ നിന്നും ‘മോളെ’ എന്നൊരു വിളി.. നോക്കിയപ്പോൾ വൃദ്ധനായ ഒരു മനുഷ്യൻ. വിളിച്ചത് എന്നെ തന്നെയാണ്.. ‘മോള് എനിക്കൊരു സഹായം ചെയ്യുമോ?’ അദ്ദേഹം പ്രതീക്ഷയോടെ എന്നെ നോക്കി. എന്തു കേൾക്കുമ്പോഴും നമുക്ക് ഒരു മുൻവിധി ഉണ്ടാകുമല്ലോ, ഒന്നുകിൽ ഏതെങ്കിലും സ്റ്റോപ്പ് ഇല്ലാത്തയിടത്ത് ഇറക്കുന്ന കാര്യം, അല്ലെങ്കിൽ അത്തരത്തിൽ അവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്തു കൊടുക്കൽ. ഇത്യാദി എന്തെങ്കിലും ആവും എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ പറഞ്ഞു ‘എന്തു സഹായം ആണ്, പറഞ്ഞോളൂ..’ പോക്കെറ്റിൽ നിന്നും ഒരു ടിക്കറ്റ് അദ്ദേഹം പുറത്തെടുത്തു, കൂടെ കുറച്ചു പണവും. അപ്പോൾ വീണ്ടും മുൻവിധി.. എന്റെ ഏതെങ്കിലും സഹപ്രവർത്തകർക്ക് അബദ്ധം പറ്റി അദ്ദേഹത്തിന് ബാക്കി കൊടുത്തത് കുറഞ്ഞു പോയിട്ടുണ്ടാവും. പക്ഷേ എന്റെ എല്ലാ മുൻവിധികളെയും തൂത്തു മാറ്റി അദ്ദേഹം പറഞ്ഞു ‘മോളെ ഞാൻ കുറച്ചു മുമ്പ് കുമ്പളയിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ കയറിയതും സ്റ്റേറ്റ് ബസിൽ (ഇവിടെ കെഎസ്ആർടിസിയെ സ്റ്റേറ്റ് ബസ് എന്നാണ് എല്ലാരും വിളിച്ചു കേട്ടിട്ടുള്ളത് ) ആണ്. ഞാൻ 20 റുപ്പിക കൊടുത്തു, 16 റുപ്പിക കഴിച്ച് ബാക്കി തരേണ്ടത് 4 രൂപയാണ്. എന്നാൽ ആ കണ്ടക്ടർ എനിക്ക് ഇത്രയും തന്നു.’ അദ്ദേഹം ആ തുകയും ടിക്കറ്റും എന്റെ കൈയിൽ തന്നു. നോക്കുമ്പോൾ 80 രൂപ ഉണ്ട്. കുറച്ചു ചില്ലറ പൈസയും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ എനിക്ക് കാര്യം മനസ്സിലായി. 100 രൂപയുടെ ബാലൻസ് തുക എന്ന് കരുതിയാണ് ആ കണ്ടക്ടർ പണം കൊടുത്തിരിക്കുന്നത് എന്ന്. അദ്ദേഹം വീണ്ടും പറഞ്ഞു, ‘ഞാൻ 20 റുപ്പിക തന്നെയാണ് കൊടുത്തത്, അത് നല്ല ഓർമയുണ്ട്. മോൾ ഇതെങ്ങനെ എങ്കിലും ഈ പണം ആ പെൺകുട്ടിക്ക് കൊടുക്കണം. (അതും ഒരു വനിതാ കണ്ടക്ടർ ആയിരുന്നു) അല്ലെങ്കിൽ വൈകുന്നേരം ആകുമ്പോൾ ആ കൊച്ചിന്റെ അത്രയും പൈസ വെറുതെ പോവില്ലേ മോളെ? ബസിൽ നിന്നും ഇറങ്ങി കഴിഞ്ഞാണ് ഞാൻ ഇത് ശ്രദ്ധിച്ചത്. ഇത് എങ്ങനെ തിരിച്ചേൽപിക്കും എന്ന് വിഷമിച്ചു ഇരിക്കുവാരുന്നു മോളെ ഞാൻ. നിങ്ങടെ ഓഫീസിൽ കൊണ്ട് കൊടുക്കാം എന്ന് വിചാരിച്ചു. അപ്പോളാണ് മോളെ കണ്ടത്, എന്തെങ്കിലും ചെയ്യാൻ കഴിയുമോ?’ അദ്ദേഹം പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി..
ഞാൻ ആ ടിക്കറ്റ് വാങ്ങി നോക്കി. മറ്റൊരു ഡിപ്പോയിലെ ബസ് ആണ്. അവിടെ ഉള്ള സുഹൃത്തിനെ വിളിച്ചു പ്രസ്തുത ഡ്യൂട്ടിയിൽ ഉള്ള കണ്ടക്ടറിന്റെ ഫോൺ നമ്പർ തരപ്പെടുത്തി. അതിനിടയിലും ഞാൻ ഈ മനുഷ്യനോട് വീണ്ടും പറഞ്ഞു ‘ചിലപ്പോൾ നിങ്ങൾ 100 രൂപ തന്നെ ആയിരിക്കുമോ കൊടുത്തത്? അങ്ങനെ ആണെങ്കിൽ നിങ്ങളുടെ പണം നഷ്ടപെടില്ലേ? താങ്കൾക്ക് ചിലപ്പോൾ ഓർമ പിശക് വന്നതാണെങ്കിലോ” എന്നൊക്കെ. പക്ഷേ അദ്ദേഹം കട്ടായം പറഞ്ഞു, ‘അല്ല ഞാൻ 20 രൂപ തന്നെയാണ് കൊടുത്തത്, അത് എനിക്ക് നല്ല ഉറപ്പുണ്ട്.’ ശേഷം ഞാൻ കണ്ടക്ടറെ വിളിച്ചു, പക്ഷേ കിട്ടിയില്ല..