സംസ്ഥാന വഖഫ് ബോര്‍ഡിനു കീഴിലുള്ള മഹല്ലുകള്‍ ഹൈടെക്ക് ആവുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന മഹല്‍ സോഫ്റ്റ് എന്ന നൂതന പദ്ധതിയെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗമായ അഡ്വ .ടി വി മുഹമ്മദ് ഫൈസല്‍ എഴുതുന്നു.
ലേഖനം / അഡ്വ .ടി വി മുഹമ്മദ് ഫൈസല്‍
ന്യൂനപക്ഷ പദ്ധതികളുടെ കാലോചിത പരിഷ്കരണം സാധ്യമാകേണ്ടതുണ്ട്. സംസ്ഥാന വഖഫ് ബോര്‍ഡിനു കീഴിലുള്ള മഹല്ലുകള്‍ ഹൈടെക്ക് ആവുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന മഹല്‍ സോഫ്റ്റ് എന്ന നൂതന പദ്ധതി അത്തരമൊരു ചുവടുമാറ്റം സാധ്യമാക്കുന്നുണ്ട് .
ഓരോ മഹല്ലിലെയും വ്യക്തികളുടെ രജിസ്ട്രേഷനും അനുബന്ധ വിവരങ്ങളും സാങ്കേതികമായി രേഖപ്പെടുത്തുന്നതിനും അത് മഹല്ലുകളുടെയും മഹല്‍ നിവാസികളുടെയും സാമൂഹ്യ ജീവിതത്തില്‍ ഏറെ സഹായകരമാക്കുകയും ചെയ്യുന്ന
സോഫ്റ്റ് വെയറും ഡിജിറ്റല്‍ പ്ലാറ്റ് ഫോമും മൊബൈല്‍ ആപ്പും ഉള്‍പ്പെടുന്നതാണ് സംസ്ഥാന വഖഫ് ബോര്‍ഡും സര്‍ക്കാരിന്റെ ജനറല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന ‘മഹല്‍ സോഫ്റ്റ്’ എന്ന നൂതനമായ പദ്ധതി .
മഹല്ലുകളിലൂടെ മുസ്ലിം ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ക്ഷേമത്തിനായുള്ള കാലത്തിനനുസരിച്ച ഈ പദ്ധതി സാമൂഹ്യ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറാവുന്ന ഒരു ആശയമാണ്. വഖഫ് ബോര്‍ഡിന് കീഴിലുള്ള മഹല്ലുകളുടെ ശാക്തീകരണത്തിനും നവീകരണവും യാഥാര്ഥ്യമാക്കാനാകുന്ന അപാരമായ ഒരു സാധ്യത മഹല്‍ സോഫ്റ്റ് തുറന്നിടുന്നുണ്ട്
സമുദായാംഗങ്ങളുടെ വിവര ശേഖരണം, അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കല്‍, ആവശ്യമായ രേഖകളുടെ കൈമാറ്റം, സാക്ഷ്യപ്പെടുത്തല്‍, അറിയിപ്പുകള് നല്കല്, തുടങ്ങിയവ മഹല്സോഫ്റ്റില് നിന്നും ലഭ്യമാകുന്ന സേവനങ്ങളില്‍ ഉള്‍പ്പെടും. അങ്ങനെ വരുമ്പോള്‍ സംസ്ഥാനത്തെ മഹലുകളെ സേവന കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാനുള്ള സാധ്യത മഹല്‍ സോഫ്റ്റ് വിഭാവനം ചെയ്യുന്നു
ഓരോ മഹലുകളുടെയും കീഴിലുള്ള അംഗങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ നിലവാരം സാമൂഹികസ്ഥിതി തുടങ്ങിയവ ഈ പദ്ധതി പ്രകാരം വിലയിരുത്തി , വിവിധ പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാകാനുളള കര്‍മ്മപരിപാടികള്‍ രൂപീകരിക്കാനും മഹല്‍സോഫ്റ്റ് പരിപൂര്‍ണ്ണമായാല്‍ സര്‍ക്കാരിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
ഗവണ്മെന്റിന്റെയും, ഗവണ്മെന്റേതര ഏജന്‍സികളുടെയും നയങ്ങളും, അവര്‍ നടപ്പാക്കുന്ന പദ്ധതികള്‍, മത്സരപ്പരീക്ഷകള്, സ്വയം തൊഴില്‍ സഹായങ്ങള്‍, ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ അര്‍ഹരായവരിലേക്ക് മഹല്‍ സോഫ്റ്റിന്റെ മൊബൈല്‍ ആപ് വഴി അറിയിച്ചു കൊടുക്കാനും ഈ പദ്ധതി പരിപൂര്‍ണ്ണമായാല്‍ വഖഫ് ബോര്‍ഡിനും സര്‍ക്കാരിനും സാധിക്കുന്നതാണ് .
മുസ്ലിംകളുടെ ദൈനം ദിന ജീവിതത്തില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കുന്ന സ്ഥാപനങ്ങളാണ് മഹല്ലുകള്‍. സക്കാത്ത് വിതരണം, മദ്രസ്സ ഭരണം, എന്നിവക്ക് പുറമെ തര്‍ക്കപരിഹാരം, വിവാഹം, മരണം, തുടങ്ങിയവയിലും മഹല്ലുകള്‍ക്കു ഗണ്യമായ പങ്കുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ നിത്യജീവിതത്തില്‍ വ്യക്തികള്‍ക്കാവശ്യമായ സഹായവും സേവനവും ലഭ്യമാക്കാനും മഹല്‍സോഫ്റ് പദ്ധതി പ്രകാരം അവസരമൊരുങ്ങുകയാണ്.
മഹല്‍ അംഗങ്ങളുടെ കൃത്യമായ ജനന മരണ വിദ്യാഭ്യാസ തൊഴില്‍ വിവരങ്ങള്‍ സോഫ്റ്റ്വെയറിലേക്കു പകര്‍ത്തുകയും അവ പരിഹരിക്കുകയും ചെയ്തു കൊണ്ടാവും ഇതു നടപ്പിലാക്കുക. മുസ്ലിം സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സമയബന്ധിതമായി ഈ വിവരങ്ങള്‍ ലഭിക്കാത്തതു മൂലം അര്‍ഹരായ പലര്‍ക്കും ആ ആനുകൂല്യങ്ങള്‍ ലഭ്യമാകാറില്ല. ഈ കുറവ് പരിഹരിക്കാന്‍ മഹല്‍സോഫ്റ്റ് യാഥാര്‍ഥ്യമാകുന്നതിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കാവുന്നതാണ് .
സാങ്കേതിക വിദ്യയുടെ ഗുണഫലം സാധാരണക്കാരിലേക്ക് എത്തിച്ചു കൊണ്ട് സാമൂഹ്യ ക്ഷേമം കാര്യക്ഷമവും മാതൃകാപരമാക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ മഹല്‍സോഫ്റ്റ് പദ്ധതിക്ക് കഴിയേണ്ടതാണ്.
മഹല്ലുകളെ മാനവ സേവന കേന്ദ്രങ്ങളാക്കിക്കൊണ്ട് ക്ഷേമവും കരുതലും എന്ന നയം മഹല്ലുകള്‍ക്ക് ഉയര്ത്തുപിടിക്കാന് ,കഴിയുന്ന രൂപത്തില്‍ സമയ ബന്ധിതമായും വിഭാവനം ചെയ്തതു പോലെ കൃത്യതയോടെയും പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനും സ്റ്റേറ്റ് റിസോഴ്സ് സെന്ററിനും സാധിച്ചാല്‍ ഹൈടെക്ക് മഹല്‍ എന്നത് യാഥാര്‍ഥ്യമാകും .
ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സര്‍ക്കാരും വഖഫ് ബോര്‍ഡും മഹല്ലുകളും മഹല്‍ നിവാസികളും തമ്മിലുള്ള ആശയ വിനിമയം വളരെ വേഗത്തില്‍ സാധ്യമാകുമെന്ന പ്രത്യേകതയും ഉണ്ട് .
ചുരുങ്ങിയ സമയം കൊണ്ട് തന്നെ പദ്ധതിയുടെ ഭാഗമായ ‘സോഫ്റ്റ്വെയറും ഡിജിറ്റല്‍ പ്ലാറ്റ്ഫോമും മൊബൈല്‍ ആപ്പിന്റെ ബീറ്റാ വേര്‍ഷനും ‘വികസിപ്പിച്ചെടുക്കാനും ,സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മഹല്ലുകള്‍ക്കും യാതൊരു സാമ്പത്തിക ചിലവും വരാതെ പദ്ധതി ആവിഷ്കരിക്കാനും മുന്നോട്ട് വന്ന സംസ്ഥാന വഖഫ് ബോര്‍ഡിന്റെ , ടെക്നോളജി പാട്ണര്‍ ആയ സ്റ്റേറ്റ് റിസോഴ്സ് സെന്ററിനെ ഞാന്‍ അഭിനന്ദിക്കുകയാണ്
ജില്ലാ തലത്തിലും താലൂക്ക് -ബ്ലോക്ക് തലത്തിലും മഹല്‍ ഭാരവാഹികളുടെ യോഗം വിളിച്ച് പദ്ധതി വിശദീകരണം നടത്തിയതിനു ശേഷം ,കംപ്യുട്ടര്‍ പരിജ്ഞാനമുള്ള തദ്ദേശ വാസികളുടെ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ,സോഫ്റ്റവെയര്‍ മഹല്ലുകളില്‍ നടപ്പിലാക്കാന്‍ ആവശ്യമായ പരിശീലനം നല്‍കിയുമാണ് മഹല്‍ സോഫ്റ്റ് പദ്ധതി നടപ്പിലാക്കുന്നത് എന്നത് പദ്ധതിയെ കൂടുതല്‍ ജനകീയമാക്കുന്നുണ്ട് .
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് പ്രതിജ്ഞാ ബദ്ധമായ സര്‍ക്കാരിന്റെ ഇച്ഛാശക്തി കൂടിയാണ് മഹല്‍ സോഫ്റ്റ് പോലെയുള്ള ഉജ്ജ്വലമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ അടയാളപ്പെടുത്തുന്നത് .
മഹല്‍ നിവാസികളുടെ ക്ഷേമത്തിന് ഉതകുന്ന കൃത്യതയോടു കൂടിയ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മഹല്‍ സോഫ്റ്റ് യാഥാര്‍ഥ്യം ആവുന്നതിലൂടെ സര്‍ക്കാരിന് സാധിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ മഹല്‍ ഭാരവാഹികളും നിവാസികളും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കേണ്ടതുണ്ട് .
ഒരിക്കല്‍ കൂടി നൂതനമായ ഈ പദ്ധതി നടപ്പിലാക്കാന്‍ മുന്‍ കൈ എടുത്ത സംസ്ഥാന വഖഫ് ബോര്‍ഡിനെയും സ്റ്റേറ്റ് റിസോഴ്സ് സെന്ററിനെയും അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു .
എല്ലാ മേഖലകളികും കൃത്യമായ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കാനും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണമെങ്കില്‍ മഹല്‍ സോഫ്റ്റ് പദ്ധതിക്ക് സമാനമായ പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവിഷ്ക്കരിക്കേണ്ടതായിട്ടുണ്ട്.
Discussion about this post