മലപ്പുറം: പിവി അന്‍വറിനെതിരെ സിപിഐ രംഗത്ത്. പ്രചാരണ രംഗത്ത് ഐക്യമില്ലാത്തതും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നേതൃത്വമില്ലാത്തതും മുന്നണിക്ക് വോട്ടുകള്‍ നഷ്ടപെടുത്തിയെന്നാണ് സിപിഐയുടെ കുറ്റപെടുത്തല്‍.
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരെ സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്കി. പാര്‍ട്ടിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നുവെന്നതാണ് പരാതി. എഐവൈഎഫ് പ്രവര്‍ത്തകര്‍ പിവി അന്‍വറിന്റെ കോലം കത്തിച്ചു.
സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്നും തന്നെ ദ്രോഹിക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു പിവി അന്‍വറിന്റെ ആദ്യ പ്രസ്താവന. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പിപി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് അന്‍വറിന്റെ കോലം കത്തിച്ചത്.
അന്‍വറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന സാഹചര്യത്തിലാണ് സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. അന്‍വര്‍ പലവട്ടം മുന്നണി മര്യാദ ലംഘിച്ചിട്ടും സിപിഎം മൗനം തുടരുന്നതിലും സിപിഐക്ക് അതൃപ്തിയുണ്ട്.
പൊന്നാനിയില്‍ കോണ്‍ഗ്രസ് – ലീഗ് വോട്ടുകള്‍ ഭിന്നിപ്പിച്ച് അട്ടിമറി ജയം നേടുകയായിരുന്നു അന്‍വറിലൂടെ എല്‍ഡിഎഫ് ലക്ഷ്യമിട്ടത്. എന്നാല്‍ ജില്ലയില്‍ സിപിഎം സിപിഐ അകല്‍ച്ചയിലേക്കാണ് നിലവില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
Discussion about this post