കൊച്ചി: കേരളത്തിലെ പ്രബല വിശ്വാസ സമൂഹമായ യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം. സഭയ്ക്കുള്ളിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ഡമാസ്‌കസിലെ പാത്രയാര്‍ക്കീസ് ബാവയ്ക്ക് രാജി സന്നദ്ധത അറിയിച്ചുകൊണ്ട് കത്ത് നല്‍കി. പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് ഈ കത്തില്‍ പറയുന്നു.
സഭക്ക് വേണ്ടിയാണ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചതെന്നും അങ്കമാലി മെത്രാനായി തുടരാന്‍ താന്‍ ഒരുക്കമാണെന്നും തോമസ് പ്രഥമന്‍ ബാവ കത്തില്‍ പറയുന്നുണ്ട്. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും സഭയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ പുതിയ ഭരണ സമിതിയാണെന്നും കത്തില്‍ പറയുന്നു.
സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ചും മറ്റും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. താന്‍ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നും ബാവ വിശദീകരിക്കുന്നുണ്ട്. ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് യാക്കോബായ സഭയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ സമിതിയും സഭാധ്യക്ഷനും തമ്മില്‍ അത്ര നല്ല ബന്ധമല്ലായിരുന്നു. വൈദിക ട്രസ്റ്റി ഫാദര്‍ സ്ലീബാ വട്ടവെയിലിലുമായും അല്‍മായ ട്രസ്റ്റിയുമായും തോമസ് പ്രഥമന്‍ ബാവ സൗഹൃദത്തിലായിരുന്നില്ല.
പാത്രീയാര്‍ക്കീസ് ബാവ അടുത്തമാസം 24ന് കേരളത്തിലെത്താനിരിക്കെയാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് പൊട്ടിത്തെറി. ഈ യോഗം റദ്ദാക്കിയതായി തോമസ് പ്രഥമന്‍ ബാവ അറിയിച്ചു.