തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മറിച്ചെന്ന വിലയിരുത്തലുമായി പാര്‍ട്ടി നേതൃത്വം. പ്രാഥമിക വിലയിരുത്തലിലാണ് വോട്ട് ചോര്‍ന്നതായി പാര്‍ട്ടി തുറന്നു സമ്മതിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ വിലയിരുത്താല്‍ ബിജെപി ഭാരവാഹികളുടെ യോഗം നാളെ കൊച്ചിയില്‍ ചേരും.
നേരത്തെ തന്നെ, വടകരയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കുമെന്ന ധാരണയുണ്ടായിരുന്നെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് വടകരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വികെ സജീവന്റെ ബൂത്തില്‍ പോലും ബിജെപിക്ക് പോളിങ് ഏജന്റുമാരുണ്ടായിരുന്നില്ല എന്നും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വില്ല്യാപ്പള്ളി വള്ള്യാട് ഈസ്റ്റ് എല്‍പി സ്കൂളിലായിരുന്നു സജീവന് വോട്ട്. ഇവിടെ എന്‍ഡിഎയുടെ ഏജന്റായി ആരും തന്നെയുണ്ടായിരുന്നില്ല.പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലടക്കം ബിജെപിക്കാര്‍ ബൂത്തിലുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
സ്വന്തം വീടിന്റെ പരിസരത്തുപോലും സജീവന് വോട്ടഭ്യര്‍ത്ഥിച്ച് പ്രചരണം നടത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സജീവന്റെ ബൂത്തില്‍ ബിജെപിക്കാര്‍ യുഡിഎഫിനൊപ്പമായിരുന്നു തെരഞ്ഞെടുപ്പു ദിനത്തില്‍ പ്രവര്‍ത്തിച്ചതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.
വടകര മണ്ഡലത്തില്‍ എന്‍ഡിഎ വലിയ തോതിലുള്ള പ്രചരണമൊന്നും നടത്തിയിരുന്നില്ല. വോട്ടെടുപ്പിനു ശേഷം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനും ഇക്കാര്യം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബിജെപി നേതൃത്വം തന്നെ വോട്ടുചോര്‍ന്നെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നത്.
Discussion about this post