പത്തനംതിട്ട: ഈ ചെറിയ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ടെങ്കിലും ചെറുപുഞ്ചിരിയോടെ നേരിടുന്നവര്‍ എന്നും നമുക്ക് പ്രചോദനമാണ്. കാന്‍സര്‍ കാര്‍ന്നു തിന്നുന്ന വേദനയ്ക്കിടയിലും മനോഹരമായി പുഞ്ചിരിച്ച് ഇഷ്ടപ്പെട്ട യാത്രകളും ചിത്രരചനയുമൊക്കെയായി ചുറ്റുമുള്ളവരെ പ്രചോദിപ്പിച്ച അരുണിമ രാജന്‍ ഒടുവില്‍ വിധിയ്ക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് കാന്‍സറിന്റെ രൂപത്തിലെത്തിയ മരണം അരുണിമയെ തട്ടിയെടുത്തത്. സ്വകാര്യ ചാനലില്‍ വന്ന കേരള കാന്‍ എന്ന പരിപാടിയിലൂടെയാണ് അരുണിമയെ പലരും പരിചയപ്പെട്ടത്. പത്തനംതിട്ട വലംചുഴി സ്വദേശിനിയാണ്.
ഒരിക്കല്‍ പല്ലുവേദനയുമായി ചികിത്സയ്‌ക്കെത്തിയ അരുണിമ രാജന്‍ കൂടുതല്‍ പരിശോധനയിലാണ് കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിയുന്നത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. മകളുടെ രോഗാവസ്ഥയറിഞ്ഞ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ അച്ഛന്‍ എപ്പോഴും അരുണിമയ്ക്ക് അരികില്‍ തന്നെയുണ്ടായിരുന്നു. കീമോയുടെ അതികഠിനമായ വേദന മറക്കാന്‍ വേണ്ടി അരുണിമ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ചിത്രരചന. പിന്നീട് താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും അരുണിമ സംഘടിപ്പിച്ചു. ‘കീമോ മരുന്ന് ശരീരത്തില്‍ കയറി കഴിഞ്ഞപ്പോള്‍ ഉണ്ടായ ‘കല’ എന്നാണ് അരുണിമയുടെ ചിത്ര രചനയെപ്പറ്റി പറഞ്ഞത്. അത്രയേറെ രസകരമായാണ് ഈ യുവതി ജീവിതത്തെ കണ്ടിരുന്നത്. ചികിത്സാ കാലഘട്ടത്തിലും സ്വന്തമായി വാങ്ങിയ കാറില്‍ ഒറ്റയ്ക്കായിരുന്നു അരുണിമയുടെ യാത്രകള്‍. കാന്‍സറിനെ ധൈര്യപൂര്‍വ്വം നേരിട്ട അരുണിമ കീഴടങ്ങിയെങ്കിലും അനേകായിരം പേര്‍ക്ക് എന്നും പ്രചോദനമാകുമെന്നതില്‍ സംശയമില്ല.
അമൃത ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അരുണിമ. ഈ ജോലി രാജിവെച്ച സമയത്താണ് അസുഖം തിരിച്ചറിയുന്നത്. പല്ലുവേദന ശരിയാക്കാന്‍ ആശുപത്രിയില്‍ പോയ അരുണിമയ്ക്ക് പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനി വിട്ടുപോകാതെ നിന്നു. ഛര്‍ദ്ദിയും തുടങ്ങി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ സ്‌കാന്‍ ചെയ്തപ്പോള്‍ കുടലില്‍ ചെറിയ അണുബാധ കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കായി തിരുവല്ലയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖമൊന്നുമില്ലെന്നായിരുന്നു കണ്ടെത്തല്‍.
പിന്നീട്, പനി കുറഞ്ഞെങ്കിലും ഒന്നു കൂടി പരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ ഗതിമാറിയത്. കുടലില്‍ അണുബാധയുള്ളതായും പഴുപ്പ് ബാധിച്ചതായും കണ്ടെത്തി. കീഹോള്‍ സര്‍ജറി കഴിഞ്ഞതോടെ അസുഖം കുടലിലെ കാന്‍സറാണെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടു. കാന്‍സര്‍ നാലാം സ്റ്റേജിലായിരുന്നു അപ്പോള്‍.
എന്നാല്‍ തളരാതെ പോരാടിയ അരുണിമ, കാന്‍സര്‍ എന്റെ ജീവിതത്തില്‍ നന്മകള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെന്നും പിന്നെ താനെന്തിന് സങ്കടപ്പെടണം എന്നുമായിരുന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. അസുഖം വന്നതിനു ശേഷം കുറേക്കൂടി സ്‌ട്രോങ് ആയി. ജീവിതത്തില്‍ ആരൊക്കെ കൂടെ നില്‍ക്കും എന്നു മനസ്സിലാക്കാനായി. ചിത്രങ്ങള്‍ വരച്ചു തുടങ്ങി. അങ്ങനെ എല്ലാം പോസിറ്റീവ്. ഇതായിരുന്നു എപ്പോഴും അരുണിമയുടെ മറുപടി.