‘പ്രിയപ്പെട്ട പെണ്‍കുട്ടീ നീ തോറ്റല്ല മടങ്ങുന്നത്,ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്’; അരുണിമയ്ക്ക് പ്രണാമം അര്‍പ്പിച്ച് മഞ്ജു വാര്യര്‍

അരുണിമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍

തൃശ്ശൂര്‍: കാന്‍സര്‍ എന്ന മഹാവ്യാധിക്ക് മുമ്പില്‍ തകരാതെ അതിനെതിരെ പോരാടിയ പെണ്‍കുട്ടിയാണ് അരുണിമ. എന്നാല്‍ ആ പോരാട്ടങ്ങളൊക്കെ വിഫലമാക്കി അരുണിമ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. കാന്‍സര്‍ ചികിത്സയിലായിരുന്ന അരുണിമ ഇന്ന് രാവിലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

അരുണിമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ‘പ്രിയപ്പെട്ട പെണ്‍കുട്ടീ, നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്’ എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. താരം അരുണിമയെ പരിചയപ്പെട്ടത് കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ്. അന്ന് തന്റെ പ്രിയതാരത്തിന്റെ ഒരു മനോഹര ചിത്രം ചിത്രകാരി കൂടിയായ അരുണിമ മഞ്ജുവിന് സമ്മാനിച്ചിരുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരു പാട് പേര്‍ക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവില്‍ അവള്‍ യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓര്‍മകള്‍ക്ക് പ്രണാമം

പല്ലുവേദനയ്‌ക്കൊപ്പം വന്ന പനി മാറാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് കാന്‍സര്‍ ആണെന്ന് അരുണിമ തിരിച്ചറിഞ്ഞത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. മകളുടെ രോഗാവസ്ഥയറിഞ്ഞ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ അച്ഛന്‍ എപ്പോഴും അരുണിമയ്ക്ക് അരികില്‍ തന്നെയുണ്ടായിരുന്നു. കീമോയുടെ അതികഠിനമായ വേദന മറക്കാന്‍ വേണ്ടി അരുണിമ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ചിത്രരചന. പിന്നീട് താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും അരുണിമ സംഘടിപ്പിച്ചു. ‘കീമോ മരുന്ന് ശരീരത്തില്‍ കയറി കഴിഞ്ഞപ്പോള്‍ ഉണ്ടായ ‘കല’ എന്നാണ് അരുണിമയുടെ ചിത്ര രചനയെപ്പറ്റി പറഞ്ഞത്. അത്രയേറെ രസകരമായാണ് ഈ യുവതി ജീവിതത്തെ കണ്ടിരുന്നത്. ചികിത്സാ കാലഘട്ടത്തിലും സ്വന്തമായി വാങ്ങിയ കാറില്‍ ഒറ്റയ്ക്കായിരുന്നു അരുണിമയുടെ യാത്രകള്‍. കാന്‍സറിനെ ധൈര്യപൂര്‍വ്വം നേരിട്ട അരുണിമ കീഴടങ്ങിയെങ്കിലും അനേകായിരം പേര്‍ക്ക് എന്നും പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

Exit mobile version