പാലക്കാട്: സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം ഇനിയും ബാക്കി നില്‍ക്കെ, ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള എല്ലാ പാഠപുസ്തകങ്ങളും പാലക്കാട് വിതരണത്തിന് തയ്യാറായി. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ എത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ സന്തോഷത്തിലാണ്.
കാക്കനാട് കെബിപിഎസ് പ്രസിലാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. ജില്ലയില്‍ ഷൊര്‍ണൂര്‍ ബുക്ക് ഡിപ്പോയിലാണ് സൂക്ഷിക്കുന്നത്. പാലക്കാട് ജില്ലയിലെ 250 സൊസൈറ്റികളിലേക്കാണ് ബുക്ക് ഡിപ്പോയില്‍നിന്ന് പുസ്തകങ്ങള്‍ കൈമാറുന്നത്. ഇവിടെനിന്നാണ് സ്‌കൂളുകളിലെത്തുന്നത്.
പാലക്കാട് ഏകദേശം 27 ലക്ഷം പുസ്തകങ്ങളാണ് ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി ആവശ്യമുള്ളത്. മാര്‍ച്ചില്‍ വാര്‍ഷികപരീക്ഷ കഴിയുന്നതിനുമുമ്പേ 9,10 ക്ലാസുകളിലെ പുസ്തകങ്ങള്‍ എത്തിയിരുന്നു. മെയ് മാസത്തില്‍ അവധിക്കാല ക്ലാസ് ആരംഭിക്കുന്നതോടെ പത്താം ക്ലാസുകാര്‍ക്ക് പുസ്തകങ്ങള്‍ കിട്ടും. മറ്റ് ക്ലാസുകള്‍ക്ക് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറന്നാല്‍ ഉടന്‍തന്നെ കൈയിലെത്തും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം അവസാനഘട്ടത്തിലാണ്. 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്യുക. പിന്നാലെതന്നെ സ്വകാര്യ സ്‌കൂളുകളിലേക്കുള്ളതും നല്‍കും. നവംബറില്‍ സ്‌കൂളുകളില്‍നിന്ന് ശേഖരിച്ച കണക്കു പ്രകാരമാണ് പുസ്തകങ്ങള്‍ അച്ചടിച്ചത്. അതത് ഉപജില്ലകളില്‍ വിതരണം ചെയ്ത് ബാക്കി വരുന്നവ മടക്കി നല്‍കാനും ആവശ്യക്കാര്‍ക്ക് കൈമാറാനുമൊക്കെ സ്‌കൂള്‍ തുറന്ന ശേഷം സൗകര്യമൊരുക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പുസ്തകം സൗജന്യമാണ്.
Discussion about this post