മോട്ടോര്‍ വാഹന വകുപ്പ് നാളെ മുതല്‍ ‘വാഹന്‍, സാരഥി’യിലേക്ക്

വാഹന രജിസ്ട്രേഷനും ലൈസന്‍സ് നടപടികളും സുഖമമാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ വാഹന്‍, സാരഥി സോഫ്റ്റ്വെയറുകള്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലും നടപ്പാക്കുന്നു.

തിരുവനന്തപുരം: വാഹന രജിസ്ട്രേഷനും ലൈസന്‍സ് നടപടികളും സുഖമമാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ വാഹന്‍, സാരഥി സോഫ്റ്റ്വെയറുകള്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലും നടപ്പാക്കുന്നു. ഇപ്പോള്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സ് നല്‍കുന്നതിനുമായി ഉപയോഗിച്ചു വരുന്ന ‘സ്മാര്‍ട് മൂവ്’ എന്ന സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും ഈ മാസം അവസാനിപ്പിക്കും.

മേയ് ഒന്നുമുതല്‍ പൂര്‍ണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ ‘വാഹന്‍ സാരഥി’യിലേക്ക് മാറും. നിലവിലെ സംവിധാനം വഴി താത്കാലിക രജിസ്‌ട്രേഷന്‍ ചെയ്തശേഷം സ്ഥിരരജിസ്‌ട്രേഷന് വാഹനം ഹാജരാക്കാത്തവര്‍ 30-നകം അതത് ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 30-ന് ശേഷം നിലവിലെ താത്കാലിക രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് വാഹനങ്ങളുടെ സ്ഥിര രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. തുടര്‍ന്ന്, ഈ വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉപയോഗിക്കാനും സാധിക്കില്ല.

സ്മാര്‍ട് മൂവ് വഴി ലേണേഴ്‌സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാത്തവര്‍ ഉടന്‍ അതത് ഓഫീസുകളുമായി ബന്ധപ്പെട്ട് അപേക്ഷകളില്‍ നടപടി പൂര്‍ത്തീകരിക്കണമെന്നും മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. രാജ്യത്താകെ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് വാഹന്‍, സാരഥി. ‘വാഹന്‍’ വാഹന രജിസ്ട്രേഷനും ‘സാരഥി’ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ‘സാരഥി’ നടപ്പാക്കുന്നതോടെ പഴയ ലൈസന്‍സിന്റെ രൂപം മാറും.

Exit mobile version