തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തേക്ക് നീങ്ങുന്ന ഫോനിയുടെ പ്രഭാവം കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
തിങ്കളാഴ്ച വൈകുന്നേരം ചെന്നൈയില്‍നിന്ന് 810 കിലോമീറ്റര്‍ തെക്കുകിഴക്കായിട്ടായിരുന്നു ഫോനിയുടെ നില. ഇടയ്ക്ക് ശക്തി കുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ദിശമാറി ഒഡിഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്.
കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കേരളത്തില്‍ ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്.
അതേസമയം, കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
Discussion about this post