തൃശൂര്‍: തൃശ്ശൂരിനെ ലഹരിവിമുക്ത നഗരമാക്കാന്‍ ഒരുങ്ങി പോലീസിന്റെ കര്‍ശന നടപടി. ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് കര്‍ശന പരിശോധന നടത്തുന്നത്. പരിശോധനയുടെ ഭാഗമായി ഓപ്പറേഷന് കെന്നബിസ് എന്ന പേരില്‍ പദ്ധതിയും തുടങ്ങിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 140 പേരെയും പിന്നീട് 60 പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ മയക്കു മരുന്നു മാഫിയ അംഗങ്ങളെയും, കഞ്ചാവ് കാരിയര്‍മാരെയും പിടികൂടി.
സ്പെഷ്യല്‍ പോലീസും ഷാഡോ പോലീസും സംശയം തോന്നുന്ന പരിസരത്ത് തമ്പടിച്ച് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അതേസമയം ലഹരി ഉപയോക്താക്കളെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര അറിയിച്ചു. രണ്ടില്‍ കൂടുതല്‍ നര്‍ക്കോട്ടിക്സ് കേസുള്ളവരെ കാപ്പ ചുമത്തി 6 മാസം കരുതല്‍ കസ്റ്റഡിയിലിടും. പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന് കെന്നബിസ് സ്ക്വാഡും, ജില്ലയില്‍ കണ്ട്രോള് റൂമും തുറന്നു.
ജില്ലയില്‍ ആള് താമസമില്ലാത്ത കാടു പിടിച്ച പ്രദേശങ്ങളിലും, ഒഴിഞ്ഞ കെട്ടിടങ്ങളിലും തുറസായ സ്ഥലങ്ങളിലും യുവാക്കള്‍ കഞ്ചാവ്, മദ്യം, തുടങ്ങി മറ്റു മാരക മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ജില്ലയില്‍ മയക്കുമരുന്ന് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതായി പോലീസ് കണ്ടെത്തിയത്. ശേഷമായിരുന്നു ഓപ്പറേഷന് കെന്നബിസ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
മാത്രമല്ല കഞ്ചാവ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ വരുന്ന വഴി കണ്ടു പിടിക്കാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയും പ്രത്യേകം നിരീക്ഷിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന മയക്കുമരുന്നു കേസുകളെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷിക്കും. ഓപ്പറേഷന് കെന്നബിസുമായി ബന്ധപ്പെട്ട് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും വ്യക്തമായ നിര്‍ദേശം നല്കി കഴിഞ്ഞു.
പുതിയ തലമുറയില്‍ പെട്ട യുവാക്കളാണ് കൂടുതലായും മയക്കുമരുന്നിന് അടിമകളാകുന്നത്. ഇവര്‍ക്ക് സൗകര്യമൊരുക്കുന്നത് വീട്ടുകാരും. ബൈക്ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചതോടെ യുവാക്കള്‍ വഴിതെറ്റി തുടങ്ങി. എന്നാല്‍ പോലീസ് മാതാപിതാക്കള്‍ക്കും നിര്‍ദേശം നല്‍കുന്നുണ്ട്. കൂടുതല്‍ പണവും, ക്ലാസ്സ് കട്ട് ചെയ്തുള്ള കറക്കവും കണ്ടാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം എന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന കഞ്ചാവിന്റെ ഉപയോഗം കുറയ്ക്കാന്‍ പൊതു സമൂഹം ശ്രദ്ധിക്കണം. പോലീസോ എക്സൈസോ മാത്രം വിചാരിച്ചാല്‍ കഞ്ചാവിന്റേയും ലഹരിയുടേയും ഉപയോഗം കുറയ്ക്കാനാവില്ല. നിങ്ങളുടെ പരിസരത്ത് സംശയാസ്തമായ തരത്തില്‍ കുട്ടികളേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ ഉടന്‍ ഈ നമ്പറില്‍ ബന്ധപ്പടുക. പറയുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല. നിങ്ങളുടെ സൗകര്യം അനുസരിച്ച് വാട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
Discussion about this post