ചോറ്റാനിക്കര: 30 വര്‍ഷമായി തരിശായി കിടന്ന 60 ഏക്കര്‍ ഭൂമിയില്‍ പൊന്നുവിളയിച്ച് ചോറ്റാനിക്കരയിലെ 12 പേരടങ്ങിയ കര്‍ഷക കൂട്ടായ്മ. നൂറുമേനി വിളവാണ് ലഭിച്ചത്. കഷ്ടപ്പാടും പ്രയത്‌നവും വന്‍ വിജയത്തിലാണ് എത്തിച്ചത്. കഠിന പരിശ്രമങ്ങള്‍ പാഴായി പോയില്ല എന്നതിന്റെ ആശ്വാസത്തിലുമാണ് ഈ കര്‍ഷകര്‍.
കൃഷി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ചോറ്റാനിക്കര പാടശേഖര സമിതിയുടെ തീരുമാനം. ചോറ്റാനിക്കരയില്‍ 30 വര്‍ഷമായി തരിശുകിടന്ന സ്ഥലമാണിത്. ഇപ്പോള്‍ ചുറ്റിലും നെല്ലു വിളഞ്ഞുകിടക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ചോറ്റാനിക്കര പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ 12 കര്‍ഷകര്‍ ചേര്‍ന്ന് ഇവിടെ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.
കാടുപിടിച്ച സ്ഥലം വൃത്തിയാക്കി എടുക്കുകയായിരുന്നു ഇവര്‍ക്ക് മുന്നിലെ ആദ്യത്തെ വെല്ലുവിളി. അവ മറികടന്ന് ഇവര്‍ നെല്ല് വിതച്ചു. എന്നാല്‍ 12 കുളങ്ങളും രണ്ട് വലിയ തോടുകളും ഉള്ള ഈ സ്ഥലത്ത് വെള്ളം നിയന്ത്രിക്കുന്നത് ദുഷ്‌ക്കരം തന്നെയായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് കൃഷി വന്‍ വിജയമാക്കിയത്. വിളവെടുപ്പ് ഉല്‍സവം ആഘോഷമാക്കിയിരിക്കുകയാണ് ഈ കര്‍ഷക കൂട്ടായ്മ. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തരിശുകിടക്കുന്ന മറ്റ് സ്ഥലങ്ങളും ഏറ്റെടുക്കാനാണ് തീരുമാനം.