തൃശ്ശൂര്‍: മോഹന്‍ലാല്‍ എന്ന അത്ഭുത പ്രതിഭയുടെ അഭിനയ മികവുകള്‍ ഇനി കണ്ണില്ലാത്തവര്‍ക്കും ആസ്വദിക്കാം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളിലെ തെരഞ്ഞെടുത്ത കഥാപാത്രങ്ങളെ വ്യത്യസ്ത രീതിയില്‍ ക്യാന്വാസിലാക്കിയിരിക്കുകയാണ് നിഖില്‍ വര്‍ണ എന്ന കലാകാരന്. ആരാധകര്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠന്, ആടുതോമ, കിരീടത്തിലെ സേതുമാധവന് തുടങ്ങിയ കഥാപാത്രങ്ങള്‍ ഇനി കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കും. തൃശ്ശൂര്‍ ലളിത കലാ അക്കാദമിയിലാണ് പ്രദര്‍ശനം.
കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികള്‍ക്കും ആസ്വാദ്യമാകുന്ന രീതിയിലാണ് നിഖില്‍ തന്റെ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തൊട്ട് നോക്കിയാല്‍ തന്നെ വര ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ നിഖില്‍ വര്‍ണ എന്ന കലാകാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെയുള്ള ചിത്രങ്ങളിലെ തെരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നത്. മൈലാഞ്ചി ഇലകള്‍ അരച്ച് വെള്ളത്തില്‍ ചാലിച്ച് ജ്യൂട്ടിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന ഇതിഹാസ നടനെ കാഴ്ച ശക്തിയില്ലാത്തവര്‍ അറിയാതെ പോകരുത് എന്ന ചിന്തയിലാണ് നിഖിലിനെ ഇത്തരത്തിലൊരു പ്രദര്‍ശനമൊരുക്കാന്‍ പ്രേരിപ്പിച്ചത്. എട്ട് മാസമെടുത്താണ് നിഖില്‍ മോഹന്‍ലാലിന്റെ 333 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. എല്‍എല്‍ബി ബിരുദധാരിയായ നിഖില്‍ ഫാഷന്‍ രംഗത്തെ താല്പര്യം മൂലം സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനറായി ജോലി ചെയ്യുകയാണ്.
Discussion about this post