മലപ്പുറം: സിപിഐ തന്നെ പരമാവധി ഉപദ്രവിച്ചെന്ന ഗുരുതര ആരോപണവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പിവി അന്‍വര്‍ രംഗത്ത്. സിപിഐയ്ക്ക് തന്റെ നിലപാടുകളോട് പുച്ഛമായിരുന്നു എന്നും ഇപ്പോഴും തന്നോടുള്ള ക്രൂരത സിപിഐ തുടരുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മലപ്പുറത്ത് മുസ്ലീം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നും അവര്‍ക്ക് തന്നേക്കാളും സ്‌നേഹം ലീഗ് നേതാക്കളോടായിരിക്കാമെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ പറഞ്ഞു.
നേരത്തെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അവിടെ എല്ലാം സിപിഐ സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഐ തന്നെ എതിരാളി ആയി കാണുന്നു എന്നാണ് അന്‍വര്‍ പറഞ്ഞത്. 2011 ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും സ്വതന്ത്രനായാണ് മത്സരിച്ചത്. രണ്ടിടത്തും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ഏറനാട്ടിലെ സ്ഥാനാര്‍ത്ഥിയായി ഐകകണ്‌ഠ്യേനയാണ് തന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. പത്രസമ്മേളനത്തിനായി തന്നെ സിപിഐ ജില്ലാ ഓഫിസിലേക്ക് വിളിപ്പിച്ചു. തയാറായി ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്തുനിന്ന് നിര്‍ത്തിവെക്കാന്‍ വിളി വന്നത്. ആരാണ് ഇതിന് പിന്നില്‍ കളിച്ചതെന്നും അന്‍വര്‍ ചോദിക്കുന്നു.
ജനങ്ങളെ കണ്ടാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പിന്നീടെങ്ങനെയാണ് അതില്‍ നിന്നും പിന്മാറുക. ജനങ്ങളെനിക്ക് തന്നത് അവര്‍ 49,000 വോട്ടാണ്. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പടെ പലരും അന്ന് സഹായിച്ചു. അല്ലെങ്കില്‍ എങ്ങനെയാണ് ഇത്ര അധികം വോട്ട് കിട്ടിയത് എന്നും അന്‍വര്‍ ചോദിക്കുന്നു.
അതേസമയം പിവി അന്‍പറിന്റെ വെളിപ്പെടുത്തല്‍ സിപിഐക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിക്കിയിട്ടുണ്ട്. പാര്‍ട്ടി ഇപ്പോള്‍ അസ്വസ്ഥരായിട്ടുണ്ട് എന്നാണ് പിന്നാലെ വരുന്ന റിപ്പോര്‍ട്ടുകള്‍. പരാമര്‍ശം വിശദമായി പഠിച്ചശേഷം പ്രതികരിക്കാം എന്നാണ് സിപിഐ ജില്ലാ നേതൃത്വം പറയുന്നത്.