കൊച്ചി: കേരളത്തിന് കര്‍ണാടകയില്‍ 7 റൂട്ടില്‍ 4,420 കിലോമീറ്റര്‍ സര്‍വീസ് നടത്താമെങ്കിലും സര്‍വീസ് നടത്താതെ ഒളിച്ചു കളിച്ച് സംസ്ഥാനം. കേരളവും കര്‍ണാടകയും തമ്മില്‍ ഒപ്പു വച്ചിട്ടുളള കരാര്‍ അനുസരിച്ചാണ് കെഎസ്ആര്‍ടിസിക്ക് കര്‍ണാടകയില്‍ സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വിനിയോഗിക്കാതെ, കേരളം സര്‍വീസ് നടത്താന്‍ താല്‍പര്യം കാണിച്ചില്ലെന്നു കര്‍ണാടക ആര്‍ടിസി അറിയിച്ചു. കേരളം മുന്‍കൈയ്യെടുക്കാത്തതിനാല്‍ കര്‍ണാടക ആര്‍ടിസിയും സര്‍വീസ് ആരംഭിച്ചിട്ടില്ല.
2017 ജൂലൈ 20ന് ആലപ്പുഴയില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണു സപ്ലിമെന്ററി കരാറില്‍ ഇരുസംസ്ഥാനങ്ങളും ഒപ്പു വെച്ചത്. കരാര്‍ പ്രകാരം, കര്‍ണാടക ആര്‍ടിസിക്കു ബംഗളൂരു-പത്തനംതിട്ട, കുന്ദാപുര-തിരുവനന്തപുരം, കുന്ദാപുര-കോട്ടയം, മണിപ്പാല്‍-എറണാകുളം, കൊല്ലൂര്‍-ഗുരുവായൂര്‍ എന്നീ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കേരളം അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പം പ്രതിവര്‍ഷം പ്രത്യേക പെര്‍മിറ്റില്‍ ഓടുന്ന 250 ബസുകള്‍ക്കു നികുതിയിളവ് നല്‍കാനും ധാരണയായിരുന്നു. എന്നാല്‍ നാളിതുവരെയും കെഎസ്ആര്‍ടിസിക്കു സ്വന്തം റൂട്ടുകള്‍ നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം കര്‍ണാടക ആര്‍ടിസിയും സര്‍വീസ് ആരംഭിച്ചിട്ടില്ല. ഈ കരാര്‍ വേണ്ടവിധത്തില്‍ വിനിയോഗിക്കാത്തതിനാല്‍, സ്വകാര്യ ബസുകള്‍ കഴുത്തറുപ്പന്‍ നിരക്കും ഈടാക്കി വന്‍ലാഭം കൊയ്യുകയാണ്.
250 ബസ് താല്‍ക്കാലിക പെര്‍മിറ്റില്‍ ഓടിക്കാമെന്ന സൗകര്യവും കെഎസ്ആര്‍ടിസി പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതും ഈ റൂട്ടിലെ യാത്രക്കാര്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. സര്‍വീസ് ആരംഭിക്കാത്തത് ആവശ്യത്തിന് ആധുനിക ബസുകളില്ലാത്തതിനാല്‍ ആണെന്നു കെഎസ്ആര്‍ടിസി പറയുന്നു. അതേസമയം, കല്ലട ബസ് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി 50 ബസുകള്‍ പാട്ടത്തിനെടുത്തു ബംഗളൂരുവിലേക്ക് ഓടിക്കുമെന്നു ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചു ബസുകള്‍ പാട്ടത്തിനെടുക്കാന്‍ സമയം വേണ്ടി വരും.