കൊച്ചി: കല്ലട ബസ് യാത്രക്കാര്‍ക്ക് നേരെ നടത്തുന്ന ക്രൂരതയ്ക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ വീണ്ടും പുറത്ത്. ബസില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്ക് നേരെ വീണ്ടും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സേലത്തേക്ക് മടങ്ങിവന്നാല്‍ കൊന്ന് കളയുമെന്നാണ് ഭീഷണി.
ഇതിന് പുറമെ ടിക്കറ്റ് ബുക്ക് ചെയ്ത നമ്പറിലേക്ക് 400 തവണ വിളിച്ചുവെന്നും മര്‍ദ്ദനത്തിനിരയായ സച്ചിനും അഷ്കറും പറഞ്ഞു. മര്‍ദ്ദിച്ചവരില്‍ കൂടുതല്‍ പേരും യുവാക്കളാണെന്നും വിലാസം നല്കാന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സില്‍വെച്ച് മൂന്ന് യുവാക്കളെ ബസിലെ തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റു യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഈ ക്രൂരത പുറം ലോകമറിഞ്ഞത്.
അതേസമയം കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നിഷേധിച്ച് കൊണ്ട് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്കി. സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി തന്നെ അന്വേഷിക്കുന്നുമെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണര്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രതികളായ ഏഴുപേരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു .അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തു. സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്ത് പ്രതികളെ വെച്ച് പോലീസ് തെളിവെടുപ്പും നടത്തിയിരുന്നു.
Discussion about this post