ഒന്നര വയസ്സിനിടയില്‍ അവള്‍ അനുഭവിക്കാത്ത ദുരിതമില്ല, ജനിച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ജയിലില്‍ കിടന്നു, അമ്മയുടെ ക്രൂരത; നാട്ടുകാരുടെ കണ്ണില്‍ നിന്ന് മായാതെ ആദിഷ

ചേര്‍ത്തല: ചേര്‍ത്തല കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നാട്ടുകാരുടെ കണ്ണില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല ആ കുരുന്നിന്റെ പുഞ്ചിരി. അമ്മയുടെ നെറികെട്ട പ്രവര്‍ത്തിയില്‍ ജീവന്‍ വെടയിയേണ്ടി വന്ന ഒന്നരവയസ്സുകാരിയുടെ വിയോഗത്തില്‍ നിന്ന് ഇനിയും ഈ നാട്ടുകാര്‍ മോചിതരായിട്ടില്ല. ഇപ്പോള്‍ രോഷമാണ് ഇവിടത്തെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.

ആദിഷ ജനിച്ചനാള്‍ മുതല്‍ ദുരിതക്കയത്തിലായിരുന്നു ജീവിച്ചത്. 8 മാസം പ്രായമുള്ളപ്പോള്‍ താന്‍ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഈ കുരുന്നിന്.

ഭര്‍തൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസില്‍ പട്ടണക്കാട് കൊല്ലംവെളി കോളനിയില്‍ ആതിരയും ഭര്‍ത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താന്‍ നോക്കിക്കൊള്ളാമെന്നും പ്രിയ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല.

ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയില്‍ ഒന്നിലേറെത്തവണ പട്ടണക്കാട് പോലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടില്‍ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.

Exit mobile version