കോട്ടയം: ട്രോളുകള്‍കൊണ്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ് നാഗമ്പടത്തെ പഴയ റെയില്‍വേ പാലം. കാരണം മറ്റൊന്നുമല്ല കഴിഞ്ഞ ദിവസം രണ്ടു വട്ടം നിയന്ത്രിത സ്ഫോടനം നടത്തിയിട്ടും പാലം പൊളിക്കാന്‍ കഴിഞ്ഞില്ല. 6 മണിക്കൂറിനിടെ രണ്ടു വട്ടം സ്ഫോടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു ശതമാനം പോലും തകര്‍ന്നില്ല. തുടര്‍ന്ന് സ്ഫോടനം നടത്തി പാലം പൊളിക്കാം എന്ന ആഗ്രഹം റെയില്‍വേ ഉപേക്ഷിച്ചു.
എന്നാല്‍ പാലം നിര്‍മ്മിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ഇ ശ്രീധരന്‍ പറയുകയാണ് എങ്ങനെ ഈ പഴയ പാലം പൊളിക്കാം എന്ന്. 1955 ലാണ് നാഗമ്പടത്ത് പാലം നിര്‍മ്മിച്ചത്. നാഗമ്പടത്തെ റയില്‍വേ മേല്‍പാലം പണിയുമ്പോള്‍ കോട്ടയത്ത് റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു അദ്ദേഹം. പാലം നിര്‍മാണത്തില്‍ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നു. ‘നല്ല കരുത്തുള്ള പാലമാണത്. 2 തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാന്‍ സാധിക്കുന്നില്ല എന്നതു തന്നെ പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ്’ ഇ ശ്രീധരന്‍ പറഞ്ഞു. വിദേശങ്ങളിലൊക്കെ നിഷ്പ്രയാസം പാലം തകര്‍ക്കാനുള്ള സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. അത് ഇവിടെ പരീക്ഷിക്കാവുന്നതാണ്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് എന്ന രീതിയാവും പാലം തകര്‍ക്കാന്‍ നല്ലത് എന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 40 50 ഇടങ്ങളില്‍ ഡയനാമിറ്റ് വച്ച് അയല്‍ കെട്ടിടങ്ങള്‍ക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണന്നും ഇ ശ്രീധരന്‍ പറഞ്ഞു.
തിരൂപ്പൂരിലെ മാക്ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്സ് എന്ന സ്ഥാപനമാണു പാലം പൊളിക്കാന്‍ 35 ലക്ഷം രൂപയുടെ കരാര്‍ എടുത്തത്. പൊളിക്കല്‍ പരാജയപ്പെട്ടതോടെ കമ്പനിക്കു പണം ലഭിക്കില്ല. ഇതേ കമ്പനി 2016ല്‍ ചെന്നൈയില്‍ മൗലിവാക്കത്ത് അപകടാവസ്ഥയിലായിരുന്ന 11നില കെട്ടിടം നിയന്ത്രിത സ്ഫോടനത്തില്‍ പൊളിച്ചിരുന്നു.