കോഴിക്കോട്: മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍. കാസര്‍കോട് മുതല്‍ മലപ്പുറം വരെ 50 ല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങാതായതോടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ വലഞ്ഞത്.
സ്വകാര്യ ബസ് നിരത്തിലിറങ്ങാതെ പ്രതിഷേധിച്ചതോടെ കേരള കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ ബംഗളൂരുവിലേക്ക് അധിക സര്‍വ്വീസുകള്‍ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്.
കഴിഞ്ഞ ദിവസം കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനെതിരെയാണ് ബസുടമകള്‍ രംഗത്ത് എത്തിയത്.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന മിന്നല്‍ പരിശോധനയില്‍ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നു എന്നാരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസ്സുടമകള്‍ സൂചനാ പണി മുടക്ക് നടത്തിയത്.
കര്‍ണാടക സ്റ്റേറ്റിന്റെ ആറും കേരള സ്റ്റേറ്റിന്റെ നാലും വണ്ടികള്‍ അധികമായി സര്‍വ്വീസ് നടത്തി. ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് ബസ്സുടമകള്‍ അറിയിച്ചു.