മലപ്പുറം: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി തിരൂരിലെ മീന്‍ മാര്‍ക്കറ്റില്‍ അജ്ഞാത പെട്ടി കണ്ടെത്തി. ഒടുവില്‍ ബോംബ് സ്‌ക്വാഡ് എത്തിയാണ് ആശങ്ക അവസാനിപ്പിച്ചത്.
കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തീരമേഖല കനത്ത ജാഗ്രതയിലാണ്. അതിനിടെയാണ് രാവിലെ ഒമ്പത് മണിയോടെ തിരൂരിലെ മീന്‍ മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ പെട്ടി കണ്ടെത്തുന്നത്. വര്‍ണ്ണ കടലാസുകൊണ്ട് പൊതിഞ്ഞ പെട്ടി മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ആശങ്കയിലാഴ്ത്തി.
ആശങ്ക കനത്തതോടെ പോലീസെത്തി ആളുകളെ മാര്‍ക്കറ്റില്‍ നിന്നൊഴിപ്പിച്ചു. 11 മണിയോടെ മലപ്പുറത്തു നിന്ന് ബോംബ് സ്‌ക്വാഡെത്തി. ബോംബാണെങ്കില്‍ നിര്‍വീര്യമാക്കാനുള്ള ലക്ഷ്യത്തോടെ പെട്ടി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. എല്ലാവിധ മുന്‍കരുതലുകളോടെ തുറന്നു നോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് കോഴി മാലിന്യം കണ്ടെത്തിയത്.
എന്നാല്‍ ആശങ്ക ഒഴിഞ്ഞെങ്കിലും സംഭവം തമാശയായി കാണേണ്ടെന്നാണ് പോലീസ് പറയുന്നത്. ആളുകളെ പരിഭ്രാന്തരാക്കാന്‍ ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.