തൃശ്ശൂര്‍; ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള നടന്മാര്‍ക്കെതിരെ വര്‍ഗ്ഗീയമായ വിവാദ പരാമര്‍ശവുമായി മുന്‍ പിഎസ്‌സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണന്‍.
ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില്‍ നടന്നത്. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ടെന്ന് കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണമെന്നും കെഎസ് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കെഎസ് രാധാകൃഷ്ണന്റെ പോസ്റ്റ് വിവാദമായതോടെ വലിയ വിമര്‍ശനങ്ങളാണ് പോസ്റ്റിനെതിരെ ഉയരുന്നത്. മുസ്ലീംസമുദായത്തില്‍ പെട്ട നടന്മാരുടെ പേര് എടുത്ത് പറഞ്ഞത് കെഎസ് രാധാകൃഷ്ണന്റെ മനസ്സിലെ വര്‍ഗീയത മൂലമാണെന്നാണ് ഉയരുന്ന വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്;
‘ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്‌കറെ തോയ്ബ അയിരുന്നു എങ്കില്‍ ഇന്ന് അത് നാഷണല്‍ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിന്‍ലാദനും സഹ്രാന്‍ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ആധുനിക കാലത്ത് ജനാധിപത്യവല്‍കൃതമായ മതവിശ്വാസങ്ങളെ തകര്‍ത്ത് സര്‍വ്വാധിപത്യ മതസംവിധാനത്തിന്റെ കീഴില്‍ ലോകത്തെ അമര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില്‍ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാര്‍ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.
മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ട്.
Discussion about this post