തൃശ്ശൂര്‍: യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങിയ കല്ലട ട്രാവല്‍സ് കൂടുതല്‍ കുരുക്കിലേക്ക്. കല്ലട നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നികുതി വെട്ടിപ്പുകളും ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നേരത്തേ ഉണ്ടായ ദുരനുഭവങ്ങള്‍ കൂടുതല്‍ യാത്രക്കാര്‍ തുറന്നു പറയുന്നതിനു പിന്നാലെയാണ് നികുതി വെട്ടിപ്പു നടത്തിയതിന്റെ തെളിവുകളും പുറത്തു വരുന്നത്. ഇതോടെ കല്ലട സുരേഷ് കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്…
കല്ലട സുരേഷനിന്റെ ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് മുന്‍പ് പലപ്പോഴും കല്ലടയുടെ വാഹനങ്ങളില്‍ യാത്രചെയ്തവര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പുറത്തു പറയാന്‍ തുടങ്ങിയത്. യാത്രക്കാരോടുള്ള ക്രൂരതയുടെ കഥകള്‍ പുറത്തു വന്നതിനു പിന്നാലെ സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും കല്ലട സുരേഷിന്റെ വാഹനങ്ങള്‍ നടത്തിയ നികുതി വെട്ടിപ്പും മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചുള്ള അന്വേഷണം തുടങ്ങിയത്. ഇതോടെ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിന് നികുതിയായി അടയ്ക്കാതെ കുടിശിക വരുത്തിയിട്ടുള്ളതും ബസുകള്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത് നടത്തിയ തട്ടിപ്പുകളും പുറത്തു വന്നത്. ബസുകളുടെ നികുതി ഇനത്തില്‍ കല്ലട സുരേഷ് സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപയിലധികമാണ്.
കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയത കല്ലടയുടെ ബസുകള്‍ സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തിയ ഇനത്തില്‍ 9025200 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കേരളത്തില്‍ അടയ്‌ക്കേണ്ടിവരുന്ന നികുതിയും കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ കര്‍ണാടക സര്‍ക്കാരിന് നല്‍കേണ്ടി വരുന്ന പ്രവേശന നികുതിയും വെട്ടിക്കാനാണ് കല്ലട സുരേഷിന്റെ ബസുകള്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത്. ഈ വെട്ടിപ്പിനു പിന്നാലെയാണ് കേരളത്തിലേക്കു വരുമ്പോള്‍ നല്‍കേണ്ട നികുതിയിലും തട്ടിപ്പു നടത്തിയത്.
കേരളത്തിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ മൂന്നുമാസം കൂടുമ്പോള്‍ അടക്കേണ്ട നികുതി 2014ല്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് വര്‍ധിപ്പിച്ചിരുന്നു.സംസ്ഥാനത്ത് നികുതി വര്‍ധിക്കുന്നു എന്ന പരാതിയുമായി കോടതിയില്‍ പോയ സുരേഷ് കല്ലടയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. നികുതി അടയ്ക്കാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാന്‍ ഇയാള്‍ ഇതുവരെ തയാറായിട്ടില്ല. കേരളത്തിലെ നിയമം പാലിച്ചാല്‍ മാത്രമേ ഇനി സര്‍വീസ് നടത്താന്‍ കല്ലടയെ അനുവദിക്കൂ എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിനു പിന്നാലെ വലിയ നിയമ കുരുക്കിലേക്കു കൂടിയാണ് സുരേഷ് കല്ലട ഇതോടെ നീങ്ങുന്നത്. സുരേഷിന്റെ ഗുണ്ടകളായ ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം പുറത്തറിഞ്ഞതോടെയാണ് ഇയാളുടെ ഇതുവരെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പുറത്തു വരുന്നത്. യാത്രക്കാരാണ് ഒരു ട്രാവല്‍ സര്‍വീസിന്റെ നട്ടെല്ല് എന്നതു പോലും പരിഗണിക്കാതെയാണ് കല്ലടയുടെ ഗുണ്ടകള്‍ ബസില്‍ യാത്രചെയ്യുന്നവരോട് കാലങ്ങളായി വളരെ മോശമായി പെരുമാറിയിരുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു യാത്രക്കാര്‍ക്കു നേരെയുണ്ടായ ആക്രമണം.
ബംഗളൂരു യാത്രക്ക് മറ്റു മാര്‍ഗങ്ങളില്ലാത്തതു കൊണ്ടാണ് തങ്ങള്‍ക്ക് ഇത്തരം വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്ന് കല്ലടയില്‍ യാത്രചെയ്തവരും പറയുന്നുണ്ട്. യാത്രക്കാരെ ആക്രമിച്ച ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തതിന് പിന്നാലെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി കര്‍ശനമാക്കിയിരുന്നു.
ഇതിനിടെ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ബംഗളുരുവില്‍ നിന്നും കേരളത്തിലേക്കു വന്ന കല്ലടയുടെ ബസ്സ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായി പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കി വിട്ടു. ബസിന് തകരാര്‍ സംഭവിച്ചതായി യാത്രക്കാരോടു പറഞ്ഞ കല്ലടയുടെ ജീവനക്കാര്‍ പകരം ബസ് ഏര്‍പ്പെടുത്തുകയോ ടിക്കറ്റിനായി വാങ്ങിയ പണം മടക്കി നല്‍കുകയോ ചെയ്തില്ല. യാത്ര തുടക്കത്തിലേ റദ്ദാക്കിയാല്‍ പണം മടക്കി നല്‌കേണ്ടി വരും എന്നതിനാല്‍ ബസില്‍ യാത്രക്കാരെ കയറ്റി മൈസൂര്‍ വരെ സര്‍വീസ് നടത്തിയ ശേഷം ഓട്ടം നിര്‍ത്തിയതായും യാത്രക്കാരനായ കായംകുളം സ്വദേശി സത്താര്‍ മാധ്യമങ്ങളോടു പറഞ്ഞു.യാത്രക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും നികുതി വെട്ടിപ്പുകള്‍ക്കും പിന്നാലെ നികുതി വെട്ടിച്ചുള്ള കല്ലടയുടെ കള്ളക്കടത്തുകളെ കുറിച്ചും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.
ആവശ്യമായ പെര്‍മിറ്റില്ലാതെയും നികുതി വെട്ടിച്ചുമാണ് കല്ലടയുടെ മിക്ക ബസുകളും സര്‍വീസ് നടത്തുന്നത്. പെര്‍മിറ്റുള്ള വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആയാല്‍ പകരം സര്‍വീസ് നടത്താന്‍ എന്ന പേരില്‍ സ്‌പെയര്‍ ബസുകള്‍ എന്ന പേരില്‍ നികുതി അടക്കാതെ കൈവശം വെക്കുന്ന ബസുകള്‍ ഉള്‍പ്പെടെ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. നികുതി വെട്ടിക്കാനായി ഒരേ നമ്പറില്‍ ഒന്നിലധികം ബസുകള്‍ സര്‍വീസ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ബസുകള്‍ക്ക് തകരാറുണ്ടായാല്‍ പകരം ബസുകള്‍ ഏര്‍പ്പെടുത്തുകയോ, യാത്രക്കാര്‍ക്ക് പ്രാധമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബസുകള്‍ നിര്‍ത്തിക്കൊടുക്കുന്ന പതിവോ കല്ലടക്കില്ല. അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ വേഗ പരിധി ലംഘിച്ചാല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ചെക്ക് പോസ്റ്റുകളിലൂടെ കടന്നു വരുന്ന എല്ലാ അന്തര്‍ സംസ്ഥാന ബസുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ അയ്യായിരം രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം.