ഡബ്ല്യുസിസി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തും, ‘എഎംഎംഎ’ നല്‍കിയ ഉത്തരങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല; രേവതി

ഡഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗത്തിനിടെയാണ് രേവതി ഇക്കാര്യം പറഞ്ഞത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ എഎംഎംഎ സ്വീകരിച്ച നടപടികളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഇപ്പോഴും അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗം രേവതി പറഞ്ഞു.

സംഘടനയുടെ നടപടികള്‍ക്ക് പിന്നാലെ ഡബ്ല്യുസിസി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ‘എഎംഎംഎ’ നല്‍കിയ ഉത്തരങ്ങളില്‍ തൃപ്തരല്ലെന്നും ഡബ്ല്യുസിസി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും രേവതി പറഞ്ഞു. ഡഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗത്തിനിടെയാണ് രേവതി ഇക്കാര്യം പറഞ്ഞത്.

‘ഔപചാരികതയൊന്നുമില്ലാതിരുന്ന, സുഹൃത്തുക്കളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഒരു സവിശേഷ സാഹചര്യത്തില്‍ ഡബ്ല്യുസിസി എന്ന ആശയം രൂപപ്പെടുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക നേരിട്ട സമാനതകളില്ലാത്ത ദുരനുഭവമായിരുന്നു അതിന്റെ കാരണം. സിനിമാ മേഖലയിലെ ആണധികാരത്തെ ചോദ്യം ചെയ്യാന്‍ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി പിന്തുടരുന്ന മനോഭാവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഭൂരിഭാഗത്തിനും അത് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. പിന്നീടാണ് അവര്‍ ആലോചിച്ച് തുടങ്ങുക. അത്തരമൊരു ചിന്ത ഉണര്‍ത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഘടനയ്ക്ക് സാധിച്ചു.’ ഫെഫ്കയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തീരുമാനിക്കാനും ഡബ്ല്യുസിസിയുടെ ഇടപെടലുകള്‍ പ്രധാന പങ്കുവഹിച്ചുവെന്നും രേവതി പറഞ്ഞു.’

Exit mobile version